അഹമ്മദാബാദ്
ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ സൺഗ്ലാസും പരമ്പരാഗത തലപ്പാവും ധരിച്ച് സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റുചെയ്ത ദളിത് യുവാവിനെ സവർണ വിഭാഗക്കാർ ക്രൂരമായി മർദിച്ചു. ഹിമത്നഗർ സായേബപുർ ഗ്രാമത്തിൽ ഓട്ടോഡ്രൈവറായ ഇരുപത്തിനാലുകാരൻ അജയ് പാർമറിനെയാണ് ആക്രമിച്ചത്. ക്ഷത്രിയരെന്ന് അവകാശപ്പെടുന്ന ദർബർ സമുദായക്കാരായ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
തങ്ങളുടെ സമുദായത്തിലുള്ളവർക്ക് മാത്രമേ തലപ്പാവും സൺഗ്ലാസും വയ്ക്കാൻ അവകാശമുള്ളൂവെന്ന് പറഞ്ഞായിരുന്നു മർദനം. ഫോട്ടോ എത്രയും വേഗം നീക്കണമെന്നും ആവശ്യപ്പെട്ടു. ഇതേകാരണം പറഞ്ഞ് മറ്റൊരു സംഘവും ആക്രമിച്ചു. സൺഗ്ലാസും നല്ല വസ്ത്രവും ധരിച്ചതിന് ജൂണിൽ പാലംപുരിൽ ഇരുപത്തിയൊന്നുകാരനായ ദളിത് യുവാവിനെയും കുടുംബത്തെയും രജപുത്തുകാർ ആക്രമിച്ചിരുന്നു.