ഷാർജ> യുഎഇ കാബിനറ്റിൽ പുതിയതായി നിയമിതരായ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. യുഎഇ പ്രസിഡൻറ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
വൈസ് പ്രസിഡണ്ടും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ക്ക് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, കായിക മന്ത്രി അഹമ്മദ് ബെൽഹൂൽ അൽ ഫലാസി, വിദ്യാഭ്യാസ മന്ത്രി സാറ ബിന്ത് യൂസഫ് അൽ അമീരി, ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റെസേഷൻ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ മന്നാൻ അൽ അവാർ, സംരംഭകത്വ മന്ത്രി ഡോക്ടർ ആലിയ ബിന്ത് അബ്ദുള്ള അൽ മസ്രൂയി എന്നിവരാണ് അബുദാബിയിലെ ഖസർ അൽവത്താനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.
യുഎഇയുടെ വികസനത്തെ ഗുണപരമായി സ്വാധീനിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന തന്ത്രപ്രധാന പദ്ധതികൾക്ക് മൂർത്തമായ സംഭാവന നൽകാനും പ്രവർത്തനമേഖലകൾ മെച്ചപ്പെടുത്താനും ഉള്ള പ്രവർത്തനത്തിൽ പുതിയ മന്ത്രിമാർ വിജയിക്കട്ടെ എന്നും യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ആശംസിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ ഡെവലപ്മെൻറ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് ഫോർ പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ക്ക് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രത്യേക കാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോടതിയുടെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷേയ്ക്ക് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഷെയ്ക്ക്മാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.