ജിദ്ദ> മലയാളം മിഷൻ ഭരണസമിതി അംഗമായിരുന്ന കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദിഅറേബ്യ ചാപ്റ്റർ തല മത്സരങ്ങൾ ആഗസ്റ്റ് രണ്ടിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്കും പുതുതായി രജിസ്റ്റർ ചെയ്യുന്ന പഠിതാക്കൾക്കും മത്സരത്തിൽ പങ്കെടുക്കാം. ചാപ്റ്റർ തലത്തിലും ആഗോള തലത്തിൽ ഫൈനൽ മത്സരവുമായി രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള മത്സരത്തിൽ യഥാക്രമം ചങ്ങമ്പുഴയുടെയും ബാലാമണിയമ്മയുടെയും ഇടശ്ശേരിയുടയും കവിതകളാണ് മത്സരാർത്ഥികൾ ചൊല്ലേണ്ടത്. അഞ്ചു മുതൽ 10 വയസുവരെ സബ് ജൂനിയര് വിഭാഗവും11 മുതല് 16 വയസു വരെ ജൂനിയർ വിഭാഗവും 17 മുതൽ 20 വയസു വരെ സീനിയർ വിഭാഗവും എന്ന ക്രമത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 2024 ജനുവരി ഒന്നാം തീയതി പൂർത്തിയാകുന്ന പ്രായമാണ് കണക്കാക്കേണ്ടത്.
സൗദി ചാപ്റ്ററിൽ നിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ആഗോള തല ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. ആഗോള തല ഫൈനൽ മത്സരത്തിൽ മൂന്നു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർഡും സാക്ഷ്യപത്രവും മലയാളം മിഷൻ നൽകും. മലയാളത്തിലെ പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും മത്സരത്തിൻറെ വിധിനിർണയിക്കുന്നത്. സൗദി ചാപ്റ്റർ തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന മൂന്നു മത്സര വിഭാഗങ്ങളിലേയും വിജയികൾക്ക് സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നൽകുമെന്ന് മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്സൺ ഷാഹിദ ഷാനവാസ് അറിയിച്ചു.
സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0500942167, 0582503001, 0509244982, 0533175898 എന്നീ വാട്ട്സ്ആപ്പ് നമ്പരുകളിലോ മലയാളം മിഷൻ സൗദി ചാപ്റ്ററിൻറെ ഇമെയിൽ (mmissonksa@gmail.com) വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.