മലപ്പുറം > മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. നിലവിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുള്ള വ്യക്തിയല്ല.
നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68കാരനാണ് രോഗ ലക്ഷണങ്ങൾ കണ്ടത്.
പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി അഷ്മില് ഡാനിഷാണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ചത്. ജൂലൈ പത്തിന് പനി ബാധിച്ച കുട്ടിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത് ഇന്നലെയായിരുന്നു.
ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു മരണം സംസ്കാര ചടങ്ങുകള് പ്രോട്ടോക്കോള് പ്രകാരമായിരിക്കും. മഞ്ചേരി മെഡിക്കല് കോളേജില് ഹൈറിസ്ക്ക് വിഭാഗത്തിലുള്ള നാലുപേരാണ് ഇനിയും ചികിത്സയിലുള്ളത്. ഇതിലൊരാളെയാണ് കോഴിക്കോട്ടെക്ക് മാറ്റിയത്.
കുട്ടിയുടെ പ്രാഥമിക സമ്പര്ക്ക പട്ടികയില് 246 പേരാണുള്ളത്. ഇതില് അടുത്തിടപഴകിയ 63 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല് കോളേജില് 30 ഐസൊലേഷന് റൂമുകള് ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല് കോളേജിലും ആവശ്യമായ ഐസൊലേഷന് വാര്ഡുകള് ക്രമീകരിച്ചിട്ടുണ്ട്.
ഹൈറിസ്ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നിപ കണ്ട്രോള് റൂമും ഇന്നലെ ആരംഭിച്ചിരുന്നു.
നിപ കണ്ട്രോള് റൂം നമ്പറുകള്
0483-2732010
0483-2732050
0483-2732060
0483-2732090