മുംബൈ > മോഷണം നടത്തിയത് പ്രശസ്ത സാഹിത്യകാരന്റെ വീട്ടിൽ നിന്നാണെന്ന് മനസിലായതോടെ മോഷ്ടിച്ച വസ്തുക്കൾ തിരികെ കൊണ്ടുവച്ച് ക്ഷമ ചോദിച്ച് കള്ളൻ. മുംബൈയിലാണ് സംഭവം. പ്രശസ്ത മറാത്തി കവിയും സാമൂഹ്യപ്രവർത്തകനുമായ നാരായൺ സർവെയുടെ വീട്ടിലാണ് മോഷണം നടന്നത്. 2010 ആഗസ്റ്റിലാണ് നാരായൺ സർവെ അന്തരിച്ചത്. കവിയുടെ മകൾ സുജാതയും ഭർത്താവുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ മകന്റെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം.
എൽഇഡി ടിവിയടക്കമുള്ള വസ്തുക്കളാണ് വീട്ടിൽ നിന്ന് കള്ളൻ മോഷ്ടിച്ചത്. കുറച്ചു ദിവസമായി വീട്ടിൽ ആളില്ലെന്നു മനസിലാക്കി രണ്ടാമതും മോഷ്ടിക്കാനായി എത്തിയപ്പോഴാണ് നാരായൺ സർവെയുടെ ചിത്രങ്ങളും പുസ്തകങ്ങളും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കവിയെ തിരിച്ചറിഞ്ഞ കള്ളൻ മോഷ്ടിച്ച വസ്തുക്കൾ തിരികെ എത്തിച്ച ശേഷം കുറിപ്പെഴുതി വയ്ക്കുകയായിരുന്നു.
‘ഇത്രയും വലിയ സാഹിത്യകാരന്റെ വീട്ടിൽനിന്ന് മോഷ്ടിച്ചതിന് ഉടമയോട് ക്ഷമ ചോദിക്കുന്നു’ എന്ന ചെറിയൊരു കുറിപ്പ് ചുമരിൽ ഒട്ടിച്ചാണു മോഷ്ടാവ് മടങ്ങിയത്. ഞായറാഴ്ച മടങ്ങിയെത്തിയ സുജാതയും ഭർത്താവും കുറിപ്പ് കണ്ടാണ് വീട്ടിൽ മോഷണം നടന്നത് മനസിലാക്കിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളെ ചിത്രീകരിക്കുന്നവയായിരുന്നു നാരായൺ സർവെയുടെ കവിതകൾ. അനാഥനായി മുംബൈയിലെ തെരുവുകളിലായിരുന്നു സർവെ ജീവിച്ചിരുന്നത്. തൊഴിലാളികളെ ചിത്രീകരിക്കുന്നതിനൊപ്പം തന്നെ തന്റെ കവിതകളിലൂടെ സർവെ മറാത്തി സാഹിത്യത്തിലെ സ്ഥാപിത മാനദണ്ഡങ്ങളെ എതിർക്കുകയും ചെയ്തിരുന്നു.