തിരുവനന്തപുരം > സംസ്ഥാനത്ത് മഴ കനക്കുന്നു. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ, തൃശൂരിലെ പെരിങ്ങൽകുത്ത് എന്നീ ഡാമുകളിലാണ് മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലെ മൂഴിയാർ അണക്കെട്ടിൽ നിന്ന് മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുന്നതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമീഷൻ വിവിധയിടങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയർ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ) എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. അതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.