സിഡ്‌നി: ഓസ്ട്രേലിയയിലെ മെൽബണിൽ ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മാധഗനിയെ കൊലപ്പെടുത്തി ഭർത്താവ് അശോക് രാജ് വേസ്റ്റ് ബിന്നിൽ തള്ളിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ചൈതന്യ മാധഗനിയുടെ പിതാവ്.
ഭാര്യയുടെ മൃതദേഹം എവിടെയാണ് അശോക് രാജ് ഒളിപ്പിച്ചതെന്ന് പോലീസിനോട് വെളിപ്പെടുത്തിയതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വഴക്കിനിടയിൽ അബദ്ധത്തിൽ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് മരുമകൻ സമ്മതിച്ചു.
തൻ്റെ മകൾ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞ ഭയാനകമായ നിമിഷം ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ലെന്ന് വേദനയോടെ പിതാവ് പറഞ്ഞു.
ഒരു ദിവസം പുലർച്ചെ നാല് മണിക്ക് മരുമകൻ കുഞ്ഞുമായി പെട്ടെന്ന് വീട്ടുവാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. വന്നയുടനെ അവർ തമ്മിലുള്ള വഴക്കിനിടെ മകൾ അബദ്ധത്തിൽ മരിച്ചുവെന്ന് പറഞ്ഞു.
തെറ്റ് സമ്മതിക്കുകയും മകനെ ഞങ്ങൾക്ക് വിട്ടുതന്ന ശേഷം ഞങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു. പൊലിസിനോടും കുറ്റം സമ്മതിച്ചു.
പൊലിസിനോട് വിളിച്ച് കുറ്റസമ്മതം നടത്തിയപ്പോൾ മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് മരുമകൻ അവരോട് വ്യക്തമാക്കി. താൻ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയാണെന്നും അവിടെ കീഴടങ്ങുമെന്നും അദേഹം ഞങ്ങളോട് പറഞ്ഞു.
മരുമകൻ ഇപ്പോൾ എവിടെയാണെന്ന് തനിക്കറിയില്ലെന്നും മദഗനി പറഞ്ഞു. മദഗനിയിലെ വസതിയിൽ നിന്ന് കൂട്ടക്കരച്ചിൽ കേട്ടിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ മെൽബണിലെ പോയിന്റ് കുക്കിലാണ് ചൈതന്യയും അശോക് രാജും മകനൊപ്പം താമസിച്ചിരുന്നത്. ഇവർ ഓസ്‌ട്രേലിയൻ പൗരത്വവുമെടുത്തിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.