സിഡ്‌നി: നാലു മക്കളെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് 20 വർഷം ജയിലിലടയ്ക്കപ്പെട്ട മാതാവിനെ ഒടുവിൽ കുറ്റവിമുക്തയാക്കി കോടതി. കാത്‌ലിൻ ഫോൾബിഗ് എന്ന സ്ത്രീയെയാണ് ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വേൽസിലുള്ള ക്രിമിനൽ അപ്പീൽ കോടതി വർഷങ്ങൾക്കുശേഷം വെറുതെവിട്ടത്..
തന്റെ മക്കളായ പാട്രിക്, സാറ, ലൗറ, കാലെബ് എന്നിവരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 2003-ൽ ആണ് കാത്‌ലിൻ ജയിലിലായത്. മക്കൾ പെട്ടെന്ന് മരിക്കുകയായിരുന്നു വെന്ന് പറഞ്ഞ ഇവർ, യാതൊരു വിശദീകരണവും നൽകിയതുമില്ല. 1989-നും 1999-നും ഇടയിലായിരുന്നു കുട്ടികളുടെ മരണം. 19 ദിവസം മുതൽ 18 മാസം പ്രായമുള്ളപ്പോഴായിരുന്നു കുട്ടികൾ മരിച്ചത്.
മക്കളുടെ മരണശേഷം കാത്‌ലിൻ എഴുതിയ വേദനാജനകമായ ഡയറി മുൻനിർത്തിയായിരുന്നു പ്രോസിക്യൂഷൻ ഇവർ കുറ്റം ചെയ്തതായി വാദിച്ചത്. കാത്‌ലിൻ കുറ്റം സമ്മതിക്കുന്നുവെന്നാണ് ഡയറി സൂചിപ്പിക്കുന്നത് എന്നായിരുന്നു പോലീസിന്റെ വാദം. മക്കളെ ശ്വാസംമുട്ടിച്ച് കൊന്നുവെന്ന് കണ്ടെത്തി ഇവരെ കുറ്റക്കാരിയായിവിധിക്കുകയും ചെയ്തു. എന്നാൽ, ഫോറൻസിക് തെളിവുകളുടെ അഭാവത്തിലായിരുന്നു ഇത്.
”ഓസ്‌ട്രേലിയയിലെ ക്രൂരയായ സീരിയൽ കില്ലർ” എന്ന് പലരും വിശേഷിപ്പിച്ച കാത്‌ലിൻ ഇപ്പോൾ തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ്. എന്നാൽ അതിന് അവർക്ക് വേണ്ടിവന്നത് രണ്ടുപതിറ്റാണ്ടിലേറെയാണ്. അപൂർവ്വമായ ജനിതക മാറ്റങ്ങളും ജന്മനായുള്ള വൈകല്യങ്ങളുമാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന ശാസ്ത്രീയ കണ്ടെത്തലാണ് കേസിൽ വഴിത്തിരിവായത്. ഓസ്‌ട്രേലിയൻ അക്കാദമി ഓഫ് സയൻസിലെ രാജ്യത്തെ മികച്ച ഗവേഷകരുടെ സഹായവും കാത്‌ലിന് കിട്ടി.