വിഷകൂൺ കഴിച്ചതാണ് ഇവരുടെ മരണ കാരണമെന്നാണ് സംശയിക്കുന്നത്. എറിൻ പാറ്റേഴ്സൺ എന്ന സ്ത്രീയാണ് പ്രതിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
തെക്കൻ വിക്ടോറിയയിലെ ലിയോംഗത പട്ടണത്തിലെ വീട്ടിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസിന് പിന്നാലായിരുന്നു കഴിഞ്ഞ മൂന്ന് മാസമായി അന്വേഷണ സംഘമെന്ന് വിക്ടോറിയ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് പേർക്കാണ് സംഭവത്തിൽ ജീവൻ നഷ്ടമായത്. മുൻ ഭർത്താവിന്‍റെ മാതാപിതാക്കളും മുൻ ഭർത്താവിന്‍റെ മാതാപിതാക്കളുടെ സഹോദരിക്കും ഭർത്താവിനുമാണ് പ്രതി വിഷകൂൺ കലർന്ന ഭക്ഷണം നൽകിയത്.
ഭക്ഷണം കഴിച്ച് ദിവസങ്ങൾക്ക് ശേഷം, മുൻ ഭർത്താവിന്‍റെ മാതാവ് ഗെയിൽ പാറ്റേഴ്സൺ (70), ഗെയ്ലിന്റെ സഹോദരി ഹീതർ വിൽക്കിൻസൺ (66), ഗെയിലിന്റെ 70 വയസ്സുള്ള ഭർത്താവ് ഡോൺ എന്നിവർ ആശുപത്രിയിൽ വച്ച് മരിച്ചു.
68-കാരനായ വിൽക്കിൻസണിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്നാണ് പൊലീസ് ഭാഷ്യം.
അതേസമയം, പ്രതി കുറ്റം നിഷേധിച്ചു. താൻ ഉപയോഗിച്ച കൂൺ അപകടകരമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് വ്യത്യസ്ത കടകളിൽ നിന്നാണ് താൻ ഭക്ഷണത്തിന് ഉപയോഗിക്കുന്ന കൂൺ വാങ്ങിയതെന്നും പ്രതി അവകാശപ്പെടുന്നു.