കൊച്ചി
കല്യാണക്കണക്കുകളിൽ റെക്കോഡ് തിരുത്താൻ രാജ്യമൊരുങ്ങുന്നു. വരാനിരിക്കുന്ന സീസണിൽ 35 ലക്ഷം കല്യാണങ്ങൾ ഇന്ത്യയിൽ നടക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഎഐടി) സർവേ റിപ്പോർട്ട്. നവംബർ 23 മുതൽ ഡിസംബർ 15 വരെയുള്ള 23 ദിവസത്തിനുള്ളിലാണ് മാരത്തൺ കല്യാണങ്ങൾ നടക്കുക.
4.25 ലക്ഷം കോടിരൂപ ഇതിലൂടെ കേരളം ഉൾപ്പെടെയുള്ള കല്യാണ വിപണിയിലേക്ക് എത്തുമെന്നും ഡൽഹിയിൽമാത്രം 3.5 ലക്ഷം കല്യാണം നടക്കുമെന്നും സർവേ പറയുന്നു. സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ സമൂഹമാധ്യമമായ എക്സിൽ വാർത്ത പങ്കുവച്ചു. സിഎഐടിയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റിയാണ് സർവേ സംഘടിപ്പിച്ചത്. കണക്കുപ്രകാരം കഴിഞ്ഞവർഷം ഈ കാലയളവിൽ 32 ലക്ഷം കല്യാണമാണ് നടന്നത്. 3.75 ലക്ഷം കോടി രൂപ വിപണിയിലെത്തിയെന്നും സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് ബി സി ഭാർട്ടിയയെ ഉദ്ധരിച്ച് ഉത്തരേന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആറുലക്ഷം കല്യാണങ്ങൾ മൂന്നുലക്ഷം രൂപവീതം ചെലവാക്കുന്നവയാണ്. എന്നാൽ, 10 ലക്ഷം കല്യാണങ്ങൾ ആറുലക്ഷത്തോളം രൂപവീതവും 12 ലക്ഷം കല്യാണങ്ങൾ 10 ലക്ഷത്തോളം രൂപവീതവും ചെലവാക്കും. ആറുലക്ഷം കല്യാണങ്ങൾ 25 ലക്ഷം രൂപയും 50,000 കല്യാണങ്ങൾ 50 ലക്ഷവും 50,000 കല്യാണങ്ങൾ ഒരുകോടി രൂപയും ചെലവാക്കുമെന്നും കണക്കാക്കപ്പെടുന്നു. വൻകിട വിവാഹങ്ങൾ നടത്താൻ വിവിധ സംസ്ഥാനങ്ങളിലുള്ളവർ തേടിച്ചെല്ലുന്ന ജനപ്രിയ സ്ഥലങ്ങളിൽ ഗോവ, ജയ്പുർ, ഷിംല എന്നിവയും ഉൾപ്പെടുന്നു.