ധർമപുരി > തമിഴ്നാട്ടിലെ വാച്ചാത്തിയിൽ 18 പെൺകുട്ടികളെ ബലാത്സംഗം ചെയ്തതുൾപ്പെടെയുള്ള ഭരണകൂട കൊടുംക്രൂരതയ്ക്കെതിരായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിപിഐ എം ധർമപുരി ജില്ലാ കമ്മിറ്റി ബുധനാഴ്ച പൊതുയോഗം സംഘടിപ്പിക്കും. വൈകിട്ട് നാലിന് അരൂർ റൗണ്ടാനയ്ക്ക് സമീപമാണ് യോഗം. സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 1992 ജൂൺ 20നാണ് വാച്ചാത്തിയിലെ ആദിവാസി വിഭാഗത്തെ എഐഎഡിഎംകെ സർക്കാരിന്റെ പൊലീസ്, വനം, റവന്യു ഉദ്യോഗസ്ഥർ പീഡിപ്പിച്ചത്.
നീതിക്കായി കോടതിയിലും പുറത്തും 30 വർഷത്തിലേറെ തുടർച്ചയായി പോരാടിയത് സിപിഐ എമ്മും തമിഴ്നാട് ട്രൈബൽ അസോസിയേഷനുമാണ്. സെപ്തംബർ 29നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. 126 വനംവകുപ്പ് ഉദ്യോഗസ്ഥർ, 84 പൊലീസ്, അഞ്ച് റവന്യു ഉദ്യോഗസ്ഥർ എന്നിവർക്ക് ഒന്നുമുതൽ പത്തുവർഷംവരെ തടവാണ് വിധിച്ചത്.