ന്യൂഡൽഹി > രാജ്യത്തെ സ്വവർഗ വിവാഹങ്ങൾക്ക് നിലവിലെ നിയമമനുസരിച്ച് സാധുത നൽകാനാകില്ലെന്ന് സുപ്രീംകോടതി. നിയമത്തിൽ മാറ്റങ്ങൾ വരുത്തി അംഗീകാരം നൽകണോയെന്നതിൽ അന്തിമതീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചു. സ്പെഷ്യൽ മാര്യേജ് ആക്ടിൽ മാറ്റംവരുത്താനോ റദ്ദാക്കാനോ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുന്നതിൽ ബെഞ്ച് നാല് വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചത്. സ്വവർഗപങ്കാളികളുടെ സഹവാസത്തിന് ‘സിവിൽ യൂണിയൻ’ എന്നനിലയിൽ അംഗീകാരം അവകാശപ്പെടാമെന്നും അവർക്ക് കുട്ടികളെ ദത്തെടുക്കാൻ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ എന്നിവർ വിധിയെഴുതി. എന്നാൽ, നിലവിലെ നിയമപ്രകാരം അംഗീകാരം അവകാശപ്പെടാനാകില്ലെന്നും സ്വവർഗ പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കാനാകില്ലെന്നും ജസ്റ്റിസുമാർ എസ് രവീന്ദ്രഭട്ട്, പി എസ് നരസിംഹ, ഹിമാകോഹ്ലി എന്നിവർ വിധിച്ചു. തുടർന്ന് 3–-2 ഭൂരിപക്ഷത്തിൽ ഇവർക്ക് ദത്തെടുക്കാൻ അവകാശമില്ലെന്ന് വിധി പുറപ്പെടുവിച്ചു.
സ്വവർഗപങ്കാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ഉന്നതതലസമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോട് ഭരണഘടനാബെഞ്ച് നിർദേശിച്ചു. സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം ഇല്ലെങ്കിലും ന്യായമായ അവകാശങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ട്രാൻസ്ജെൻഡർ വിവാഹത്തിന് അംഗീകാരം
ട്രാൻസ് പുരുഷന് സ്ത്രീയെയും ട്രാൻസ് സ്ത്രീക്ക് പുരുഷനെയും നിയമപരമായി വിവാഹം കഴിക്കാമെന്ന് ചീഫ് ജസ്റ്റിസ് വിധിന്യായത്തിൽ പറഞ്ഞു. ട്രാൻസ്പുരുഷനും ട്രാൻസ് സ്ത്രീയുമായുള്ള വിവാഹവും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാം. നിർദേശത്തോട് മറ്റംഗങ്ങളും യോജിച്ചു. സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം തേടി സ്വവർഗപങ്കാളികളും എൽജിബിടിക്യുഐ+ ആക്ടിവിസ്റ്റുകളും ട്രാൻസ്ജെൻഡർമാരും മറ്റും നൽകിയ 20 ഹർജികളാണ് കോടതി പരിഗണിച്ചത്. വിധിയെ ആർഎസ്എസ്, സിബിസിഐ തുടങ്ങിയവർ സ്വാഗതം ചെയ്തു. വിധി നിരാശജനകമെങ്കിലും നിയമപോരാട്ടം തുടരുമെന്ന് ഹർജിക്കാർ അറിയിച്ചു.