ന്യൂഡൽഹി > നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി സ്ഥാനാർഥിമോഹികൾ രംഗത്തെത്തിയതോടെ മധ്യപ്രദേശ് കോൺഗ്രസിൽ കലഹം തുടരുന്നു. 144 പേരുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടാത്ത പ്രമുഖർ രാജി പ്രഖ്യാപിച്ചു. പലരും വിമതരായി മത്സരിച്ചേക്കും. എല്ലാ സീറ്റുമോഹികളെയും പരിഗണിക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ കമൽനാഥ് പറഞ്ഞു.
ബുദിനിയിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെതിരെ സീരിയൽ താരം വിക്രം മസ്താലിനെ സ്ഥാനാർഥിയാക്കിയതിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്. 18 വർഷമായി ചൗഹാനെതിരെ പൊരുതിയിട്ടും തന്നെ അവഗണിച്ച് രണ്ടുമാസംമുമ്പുമാത്രം അംഗത്വമെടുത്തയാൾക്ക് സീറ്റ് നൽകിയത് അനീതിയാണെന്ന് മേഖലയിലെ നേതാവ് സന്തോഷ് ശർമ പറഞ്ഞു.
സംവരണമണ്ഡലമായ നർഗോളിയിൽ പരിഗണിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് പിന്നാക്കവിഭാഗം നേതാവ് ശാർദ ഖതികയും നഗോഡ് മണ്ഡലത്തിൽ തഴയപ്പെട്ടതിനാൽ യാദവേന്ദ്ര സിങ്ങും രാജി പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസ് അവഗണിക്കുന്നെന്ന് ആരോപിച്ച് മാധ്യമവിഭാഗം വൈസ് പ്രസിഡന്റ് അജയ് സിങ് യാദവ് നേരത്തേ പാർടി വിട്ടിരുന്നു. സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകാത്തതിലുള്ള പ്രതിഷേധം മഹിളാ കോൺഗ്രസ് പ്രസിഡന്റ് വിഭാ പട്ടേൽ കമൽനാഥിനെ അറിയിച്ചു.
മധ്യപ്രദേശിൽ 500 രൂപയ്ക്ക് പാചകവാതകമെന്ന് കോൺഗ്രസ്
ന്യൂഡൽഹി > മധ്യപ്രദേശിൽ 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രകടനപത്രിക. 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്, 27 ശതമാനം ഒബിസി സംവരണം, മധ്യപ്രദേശിൽനിന്ന് ഐപിഎൽ ടീം, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, രണ്ടുലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളൽ, സൗജന്യ സ്കൂൾ വിദ്യാഭ്യാസം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, 1500 മുതൽ 3000 രൂപ വരെ രണ്ടുവർഷത്തേക്ക് തൊഴിലില്ലായ്മാ വേതനം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.