ന്യൂഡൽഹി > സ്ത്രീ– -പുരുഷ വിവാഹങ്ങൾക്കുള്ള നിയമാനുസൃത അംഗീകാരവും അവകാശങ്ങളും സ്വവർഗ വിവാഹങ്ങൾക്കും സഹവാസങ്ങൾക്കും ഉറപ്പാക്കണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. സ്വവർഗസ്നേഹികൾക്ക് താൽപ്പര്യമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാനും ഒന്നിച്ച് കഴിയാനും ജീവിതം ആസ്വദിക്കാനും അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നിയമപരമായ അംഗീകാരം അവകാശപ്പെടാനാകില്ല. അംഗീകാരം ഇല്ലാത്തതിനാൽ അവകാശങ്ങളും ലഭിക്കില്ലെന്ന് നിയമവിദഗ്ധർ പ്രതികരിച്ചു.
സ്വവർഗബന്ധങ്ങൾ സാമൂഹ്യ യാഥാർഥ്യമാണെന്നത് സുപ്രീംകോടതി അംഗീകരിച്ചു. ഇത്തരം ബന്ധങ്ങൾ നഗരങ്ങളിലെ വരേണ്യരെമാത്രം ബാധിക്കുന്നതാണെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളി. എന്നാൽ, നിയമനിർമാണ അധികാരത്തിൽ ഇടപെടരുതെന്ന കേന്ദ്രസർക്കാർ വാദം കോടതി സ്വീകരിച്ചു. സ്വവർഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം മൗലികാവകാശമല്ലെന്ന് അഞ്ച് ജഡ്ജിമാരും നിരീക്ഷിച്ചു. സ്വവർഗപങ്കാളികൾക്ക് ഭീതിയോ വിവേചനമോ ഒറ്റപ്പെടലോയില്ലാതെ ജീവിക്കാനാകണം. അതിനുവേണ്ട ഇടപെടലുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തണമെന്നും ഭരണഘടനാബെഞ്ച് നിർദേശിച്ചു.
ജസ്റ്റിസുമാരായ ഹിമാകോഹ്ലി, സഞ്ജയ്കിഷൻ കൗൾ, ഡി വൈ ചന്ദ്രചൂഡ്, എസ് രവീന്ദ്രഭട്ട്, പി എസ് നരസിംഹ
വിവേചനമരുത്: അതിക്രമങ്ങൾ തടയണം
ന്യൂഡൽഹി > സ്വവർഗപങ്കാളികൾക്കുനേരെ ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്ന് സുപ്രീംകോടതി വിധിന്യായത്തിൽ പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
● ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്നതിൽ വിവേചനമരുത്
● സ്വവർഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കണം
● പ്രശ്നങ്ങൾ വിളിച്ചറിയിക്കാൻ ഹോട്ട്ലൈൻ നമ്പർ വേണം
● സ്വവർഗസ്നേഹികൾക്കായി സുരക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കണം
● ബന്ധം സംബന്ധിച്ച പരാതികളിൽ പ്രാഥമികാന്വേഷണത്തിനുശേഷം മാത്രം കേസ്
● പങ്കാളികളെ പൊലീസ് നിർബന്ധിച്ച് വീട്ടിലേക്ക് അയക്കരുത്
● സമ്മർദം ചെലുത്തി ഹോർമോൺ ചികിത്സ നടത്തരുത്
● ബലംപ്രയോഗിച്ച് ശസ്ത്രക്രിയകൾക്ക് വിധേയരാക്കരുത്
● പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അവഹേളിക്കരുത്