ന്യൂഡൽഹി > രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെലോട്ട്–- സച്ചിൻ പൈലറ്റ് പോര് സ്ഥാനാർഥി നിർണയത്തെ പ്രതിസന്ധിയിലാക്കി. സ്വന്തം ആളുകളെ പരമാവധി സീറ്റിൽ മത്സരിപ്പിക്കാനുള്ള ഇരുവിഭാഗത്തിന്റെയും ശ്രമം ഡൽഹിയിൽ നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകളെ അനന്തമായി നീട്ടുന്നു. തെലങ്കാന, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. മിസോറമിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. തെലങ്കാനയ്ക്കും അഞ്ചുദിവസം മുമ്പ് (നവംബർ 25) ബൂത്തിലേക്ക് നീങ്ങുന്ന രാജസ്ഥാനിൽ ആദ്യ പട്ടികപോലുമായിട്ടില്ല.
സ്ഥാനാർഥി നിർണയത്തിനായി സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് കോൺഗ്രസ് നടത്തിയ സർവേയിൽ പല സിറ്റിങ് എംഎൽഎമാരുടെയും നില പരുങ്ങലിലാണെന്ന് തെളിഞ്ഞിരുന്നു. സച്ചിൻ പൈലറ്റ് വിമതനീക്കം നടത്തിയപ്പോൾ സർക്കാരിനെ താങ്ങിനിർത്തിയ എല്ലാ എംഎൽഎമാർക്കും വീണ്ടും സീറ്റ് നൽകണമെന്ന നിലപാടിലാണ് ഗെലോട്ട് പക്ഷം. പൈലറ്റ് വിഭാഗമാകട്ടെ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് വാദിക്കുന്നു. നിയമസഭാ സ്പീക്കർ സി പി ജോഷി, പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോടാസ്ര എന്നിവരും സ്വന്തക്കാർക്ക് സീറ്റ് ഉറപ്പിക്കാൻ കിണഞ്ഞുശ്രമിക്കുകയാണ്.
അസമിൽനിന്നുള്ള ലോക്സഭാംഗം ഗൗരവ് ഗൊഗോയിയാണ് രാജസ്ഥാൻ സ്ഥാനാർഥികളെ തീരുമാനിക്കുന്ന സ്ക്രീനിങ് കമ്മിറ്റിയുടെ തലവൻ. കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് അന്തിമാംഗീകാരം നൽകുന്നത്.