ന്യൂഡൽഹി > അദാനി ഗ്രൂപ്പ്, ജിൻഡാൽ ഗ്രൂപ്പ് തുടങ്ങിയവയെ വിമർശിച്ച നാല് എൻജിഒയുടെ നികുതിയിളവ് പദവി കേന്ദ്രം പിൻവലിച്ചു. ഓക്സ്ഫാം ഇന്ത്യ, കെയർ ഇന്ത്യ, ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റ് (ലൈഫ്), എൻവയോണിക്സ് ട്രസ്റ്റ് എന്നിവയുടെ ഇളവാണ് ആദായനികുതിവകുപ്പ് പിൻവലിച്ചത്. ജൂലൈയിൽ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ പദവിയും റദ്ദാക്കിയിരുന്നു.
അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെട്ടതിനാണ് നടപടിയെന്ന് ഓക്സ്ഫാം ഇന്ത്യക്കും എൻവയോണിക്സ് ട്രസ്റ്റിനും അയച്ച കത്തിൽ വ്യക്തമാക്കുന്നു. അദാനി തുറമുഖങ്ങളെ വിമർശിച്ച് യുഎൻ ഗ്ലോബൽ ഇംപാക്ടിന് റിപ്പോർട്ട് നൽകിയെന്നാണ് ഓക്സ്ഫാം ഇന്ത്യക്കെതിരായ ആരോപണം. സർക്കാരിനെയും പ്രവർത്തനങ്ങളെയും യോഗങ്ങളിൽ വിമർശിച്ചുവെന്നും ഒരു വിഭാഗത്തിനായി പ്രവർത്തിച്ചുവെന്നുമാണ് ‘കുറ്റപത്ര’ത്തിലുള്ളത്. ജിൻഡാൽ ഗ്രൂപ്പിനെതിരെ ഒഡീഷയിലെ ദിങ്കിയ ഗ്രാമത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തെന്നാണ് എൻവയോണിക്സ് ട്രസ്റ്റിനെതിരെയുള്ള ആരോപണം. മറ്റുള്ളവയുടെ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
വ്യവസായ സ്ഥാപനങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് നിയമവിരുദ്ധമായി മാറിയിരിക്കുകയാണെന്ന് ട്രസ്റ്റിന്റെ കോർ അംഗവും പ്രമുഖ എർത്ത് സയന്റിസ്റ്റുമായ രാമമൂർത്തി ശ്രീധർ പ്രതികരിച്ചു.