ന്യൂഡൽഹി> മണിപ്പുരിൽ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. നഗ്നരായി നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേന്ദ്ര–-സംസ്ഥാന ബിജെപി സർക്കാരുകൾ കടുത്ത പ്രതിരോധത്തിലാകുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.
കേസിൽ ആറു പ്രതികൾക്കെതിരെ ഗുവാഹത്തിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. പ്രായപൂർത്തിയാകാത്ത ഒരു പ്രതിക്കെതിരായി നിയമലംഘനത്തിന്റെ പേരിലുള്ള റിപ്പോർട്ടും സമർപ്പിച്ചു. കഴിഞ്ഞ ജൂലൈയിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. മെയ് നാലിനാണ് സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടത്. മൂന്ന് സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയായതായി സിബിഐ എഫ്ഐആറിൽ പറയുന്നു. മറ്റൊരു സ്ത്രീയുടെ രണ്ട് പുരുഷബന്ധുക്കളെ കൊലപ്പെടുത്തി. മെയ് നാലിന് കാങ്പോക്പി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തിൽ ആയിരത്തോളംവരുന്ന സംഘം ആയുധങ്ങളുമായെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.