തൃശൂർ> പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ രേഖ വ്യാജ തെളിവുണ്ടാക്കാൻ ഉപയോഗിച്ചതിനും ബാങ്കിനെ അപകീർത്തിപ്പെടുത്തിയതിനും ഇഡിക്കെതിരെ ഹർജി ഫയൽ ചെയ്തു. കൊച്ചി സിബിഐ കോടതി നമ്പർ മൂന്നിലാണ് ഹർജി. കോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കും. ഇഡി ആവശ്യപ്പെട്ടതുപ്രകാരമാണ് ചന്ദ്രമതി എന്നയാളുടെ അക്കൗണ്ട് വിവരം ബാങ്ക് നൽകിയത്. ഇതിനെ മറ്റൊരാളുടെ അമ്മയുടെ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകി. ഇത് ഇടപാടുകാരിലും നിക്ഷേപകരിലും ആശയക്കുഴപ്പമുണ്ടാക്കി. രണ്ടു തവണയായാണ് ബാങ്ക് വിവരം നൽകിയത്. രണ്ടാമത് നൽകിയ വിവരമാണ് ഇഡി കോടതിയിൽ നൽകിയത്.
പിന്നീട് കോടതിയിൽ നൽകിയ തെറ്റായ വിവരം ബാങ്കിന് സംഭവിച്ച വീഴ്ചയാണെന്ന് വരുത്താനും ശ്രമിച്ചു. ഇതിനായി ബാങ്കിന്റെ സെക്രട്ടറിയെ വിളിച്ചു വരുത്തി ഇഡി സമ്മർദ്ദം ചെലുത്തി. സത്യം പുറത്തായപ്പോൾ ബാങ്കിനുമേൽ സംശയവും ഉയർത്തി. ഇതും നിക്ഷേപകരിൽ പരിഭ്രാന്തിയുണ്ടാക്കിയെന്നും ഹർജിയിലുണ്ട്.
ലക്ഷ്യമിട്ടത് സിപിഐ എം നേതാക്കളെ
കരുവന്നൂർ വിഷയത്തിൽ സിപിഐ എം നേതാക്കളെ പ്രതിക്കൂട്ടിലാക്കാനാണ് ഇഡി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെ മറയാക്കിയത്. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ അമ്മ പർളിക്കാട് ചന്ദ്രമതിക്ക് പെരിങ്ങണ്ടൂർ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമിച്ചത്. ഇതിനായി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ടുള്ള പാലായിൽ വീട്ടിൽ ചന്ദ്രമതിയുടെ വിവരം ഇഡി ആവശ്യപ്പെട്ടു. ഇതിൽ നോമിനി മകൻ ശ്രീജിത്തായിരുന്നു. ഇവരുടെ പേരിൽ നടന്ന 63 ലക്ഷം രൂപയുടെ ബാങ്ക് ഇടപാട് അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ ആരോപിക്കുകയായിരുന്നു. കരുവന്നൂർ കേസിലെ ഒന്നാം പ്രതി സതീഷ്കുമാറിന്റെ സഹോദരൻ ശ്രീജിത്ത് അരവിന്ദാക്ഷന്റെ ബിനാമിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.