ന്യൂഡൽഹി> ദേശീയതലത്തിൽ ഇന്ത്യാ കൂട്ടായ്മ രൂപപ്പെട്ടിട്ടും സംസ്ഥാനങ്ങളിൽ അത്തരം കൂട്ടായ്മയ്ക്ക് താൽപ്പര്യമെടുക്കാതെ കോൺഗ്രസ്. മധ്യപ്രദേശിൽ സമാജ്വാദി പാർടിയുടെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇരുപാർടിയുമായുള്ള സഖ്യസാധ്യത അടഞ്ഞു. ഒമ്പത് സീറ്റിൽ എസ്പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ലഖ്നൗവിൽ മധ്യപ്രദേശിൽനിന്നുള്ള എസ്പി നേതാക്കളുമായി അഖിലേഷ് യാദവും ശിവ്പാൽ യാദവും ചർച്ച നടത്തിയശേഷമാണ് തനിച്ചു മത്സരിക്കാനുള്ള തീരുമാനം. സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ അവരുമായി സഖ്യത്തിനുള്ള എല്ലാ സാധ്യതയും അടഞ്ഞെന്ന് എസ്പി നേതൃത്വം വ്യക്തമാക്കി. കൂടുതൽ സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
മധ്യപ്രദേശിൽ ബിജവാർ സീറ്റടക്കം ഏതാനും സീറ്റിൽ കോൺഗ്രസുമായി ധാരണയിലെത്താൻ എസ്പി ശ്രമിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം താൽപ്പര്യമെടുത്തില്ല. ഇന്ത്യാ കൂട്ടായ്മയുടെ പ്രതിഫലനം നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉണ്ടാകുമെന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം നേരത്തേ വ്യക്തമാക്കിയതാണ്. എന്നാൽ, മധ്യപ്രദേശ് ഘടകം ഇതിനു വിരുദ്ധമായാണ് നീങ്ങിയത്. എസ്പിയുമായി ധാരണയിലെത്താൻ ഒരു താൽപ്പര്യവും കമൽനാഥും സംഘവും പ്രകടമാക്കിയില്ല. യുപിയോടു ചേർന്നുള്ള പല മണ്ഡലത്തിലും എസ്പിക്ക് നിർണായക വോട്ടുബാങ്കുണ്ട്.















