ന്യൂഡൽഹി> യുഎപിഎ പ്രകാരം തങ്ങളെ അറസ്റ്റുചെയ്ത നടപടി ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയും എച്ച്ആർ വിഭാഗം മേധാവി അമിത് ചക്രവർത്തിയും സുപ്രീംകോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹർജിയുടെ കാര്യം ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അറസ്റ്റിലായവരുടെ പ്രായം, ആരോഗ്യസ്ഥിതി തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കബിൽ സിബൽ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നിർദേശിച്ച ചീഫ്ജസ്റ്റിസ്, വിഷയം പരിശോധിക്കാമെന്ന് ഉറപ്പുനൽകി. അറസ്റ്റുചെയ്യാനുള്ള കാരണങ്ങൾ രേഖാമൂലം അറിയിച്ചില്ലെന്നത് ഉൾപ്പെടെയുള്ള വാദങ്ങൾ ഉന്നയിച്ചാണ് പ്രബീർ പുർകായസ്തയും അമിത് ചക്രവർത്തിയും ഡൽഹി പൊലീസിന്റെ നടപടി ചോദ്യം ചെയ്തത്. യുഎപിഎ നിയമപ്രകാരം അറസ്റ്റുചെയ്യുമ്പോൾ അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം അറിയിക്കേണ്ടതില്ലെന്ന് വിശദീകരിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.















