ന്യൂഡൽഹി> രാജസ്ഥാനിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ ഒതുക്കാനുള്ള മോദി–- അമിത് ഷാ കൂട്ടുക്കെട്ടിന്റെ നീക്കം ബിജെപിക്ക് തിരിച്ചടിയാകുന്നു. ആദ്യ പട്ടികയിൽ സീറ്റ് നിഷേധിക്കപ്പെട്ട വസുന്ധര പക്ഷം നേതാക്കൾ വിമതരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപി നേതൃത്വം ആശങ്കയിലാണ്. മുൻ ഉപരാഷ്ട്രപതി ഭൈരോൺ സിങ് ശെഖാവത്തിന്റെ മരുമകനും സിറ്റിങ് എംഎൽഎയുമായ നർപദ് സിങ് രാജ്വി, രാജ്പാൽ സിങ് ശെഖാവത്ത്, മുൻ എംഎൽഎമാരായ ഭവാനി സിങ് രജാവത്ത്, ജീവാറാം ചൗധുരി, മാമൻ സിങ് യാദവ് , അനിത സിങ് ഗുർജാർ എന്നിവരെല്ലാം വിമതരാകുമെന്ന് പ്രഖ്യാപിച്ചു.
41 സീറ്റിലാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഏഴ് എംപിമാരും പട്ടികയിലുണ്ട്. എംപിമാരെ കൂട്ടത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനോട് വസുന്ധര പക്ഷം കടുത്ത വിയോജിപ്പ് പ്രകടമാക്കി.















