ന്യൂഡൽഹി
മണിപ്പുരിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് വീണ്ടും സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന നിരോധിത തീവ്രവാദ സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് ഇംഫാൽ താഴ്വരയിൽ ജനജീവിതം സ്തംഭിപ്പിച്ചു. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. വാഹനങ്ങൾ ഓടിയില്ല. പകൽ ആറുമുതൽ ആറുവരെയായിരുന്നു ബന്ദാഹ്വാനം. അനിഷ്ടസംഭവങ്ങൾ ഭയന്ന് ജനം പുറത്തിറങ്ങിയില്ല.
ഇന്ത്യൻ യൂണിയനുമായുള്ള മണിപ്പുരിന്റെ ലയനത്തെ എതിർത്തായിരുന്നു ബന്ദാഹ്വാനം. മണിപ്പുർ രാജാവായിരുന്ന ബുദ്ധചന്ദ്രയാണ് 1949 സെപ്തംബർ 21ന് ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ടത്. ഒക്ടോബർ 15ന് കരാർ നിലവിൽവന്നു. ഇതെത്തുടർന്ന് തീവ്രവാദ സംഘടനകൾ ഈദിവസം കരിദിനമായാണ് ആചരിക്കുന്നത്. യുഎൻഎൽഎഫ് അടക്കം അഞ്ച് നിരോധിത സംഘടനകൾ ഉൾപ്പെട്ട കോ–- ഓർഡിനേഷൻ കമ്മിറ്റിയാണ് ബന്ദാഹ്വാനം നടത്തിയത്.
പ്രതിപക്ഷ പാർടികൾ
ഗവർണർക്ക് നിവേദനം നൽകി
ഇന്ത്യാ കൂട്ടായ്മയിൽ ഉൾപ്പെട്ട പ്രതിപക്ഷ പാർടികൾ മണിപ്പുർ ഗവർണർ അനസൂയ ഉയിക്കെയെ കണ്ട് സമാധാന പുനഃസ്ഥാപനത്തിനുള്ള നടപടികൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ ഒരു താൽപ്പര്യവും എടുക്കാത്തതിൽ ഇന്ത്യാ കൂട്ടായ്മ കക്ഷികൾ നിരാശ പ്രകടമാക്കി. സമാധാനം ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് ഇനിയും തുടക്കംകുറിക്കാനായിട്ടില്ലെന്ന് ഗവർണർക്ക് കൈമാറിയ നിവേദനത്തിൽ ഇന്ത്യാ കൂട്ടായ്മ ചൂണ്ടിക്കാട്ടി. കോൺഗ്രസ്, ഇടതുപക്ഷ പാർടികൾ, ജെഡിയു, തൃണമൂൽ, എൻസിപി തുടങ്ങി 10 കക്ഷികളുടെ നേതാക്കളാണ് ഗവർണറെ കണ്ടത്.