ന്യൂഡൽഹി
മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെതിരെ ‘ഹനുമാനെ’ രംഗത്തിറക്കി കോൺഗ്രസ്. ബുധ്നി സീറ്റിൽ, അഭിനേതാവായ വിക്രം മസ്തലാണ് കോൺഗ്രസ് സ്ഥാനാർഥി. രാമാനന്ദ് സാഗറിന്റെ 2008ലെ ടിവി സീരിയലായ രാമായണത്തിൽ ഹനുമാന്റെ വേഷമിട്ടത് മസ്തലാണ്. കഴിഞ്ഞ ജൂലൈയിൽ മസ്തൽ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി കമൽനാഥിന്റെ സാന്നിധ്യത്തിലായിരുന്നു മസ്തലിന്റെ കോൺഗ്രസ് പ്രവേശനം. ജൂണിൽ തീവ്രഹൈന്ദവ സംഘടനയായ ബജ്രംഗ്സേന കോൺഗ്രസിൽ ലയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹനുമാൻ വേഷത്തിലൂടെ പ്രശസ്തനായ മസ്തൽ കോൺഗ്രസ് ക്യാമ്പിൽ എത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി സിനിമ ‘ആദിപുരുഷി’ൽ ഹനുമാന്റെ കഥാപാത്രം മോശം വാക്കുകൾ ഉപയോഗിച്ചതിനെ വിമർശിച്ച് മസ്തൽ രംഗത്തുവന്നിരുന്നു. സിനിമ ഹിന്ദുവികാരങ്ങളെ മുറിപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി. സിറ്റിങ് സീറ്റായ ബുധ്നിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ യാദവിനെ 58,000 വോട്ടിനാണ് ശിവ്രാജ് സിങ് ചൗഹാൻ തോൽപ്പിച്ചത്.
നിലവിൽ ബിജെപി കേന്ദ്രനേതൃത്വമടക്കം തഴയുന്ന പശ്ചാത്തലത്തിൽ ശിവ്രാജിനെതിരെ കടുത്ത മത്സരം സാധ്യമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഒരാൾ മാത്രമാണ് ഉള്ളത്. 19 വനിതകളുണ്ട്. മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങിന്റെ മകൻ ജയ്വർധൻ സിങ്ങിന് രാഘോഗഢ് സീറ്റ് നൽകി. നേരത്തേ ദിഗ്വിജയ് സിങ് മത്സരിച്ച മണ്ഡലമാണ് ഇത്.