തൃശൂർ
ശ്രീനാരായണ ഗുരു ഈഴവശിവനെ പ്രതിഷ്ഠിച്ച അരുവിപ്പുറത്ത് കവിതാ ക്യാമ്പ്, നെല്ലിന്റെ കഥ പിറന്ന ഗ്രാമത്തിൽ കഥയുത്സവം, ബഹുഭാഷാ വർണം വിതറി ഗിളിവിണ്ടു. സമഭാവനയുടെ പുതുചരിത്രം രചിക്കുകയാണ് 67–ാം വാർഷികത്തിൽ സാഹിത്യ അക്കാദമി. സ്ത്രീസമത്വത്തിനായുള്ള സമം കൂട്ടായ്മ, യുവ എഴുത്തുകാർ, ദളിത്, ആദിവാസി, ക്വീർ എന്നിങ്ങനെ ബഹുമുഖ എഴുത്തുകാർക്ക് പുതു അവസരം എന്നിവയൊരുക്കിയാണ് ഈ മുന്നേറ്റം. പി വത്സലയുടെ നെല്ല് നോവലിന്റെ 50–-ാം വാർഷികം കഥയ്ക്ക് പശ്ചാത്തലമായ വയനാടൻ ഗ്രാമത്തിലാണ് ആഘോഷിച്ചത്.
കുടിയേറ്റഗ്രാമമായ കണ്ണൂർ ആലക്കോടായിരുന്നു കഥാ ക്യാമ്പ്. ചണ്ഡാല ഭിക്ഷുകി –- ദുരവസ്ഥ കൃതികളുടെ നൂറാംവാർഷികം കേരളത്തിന്റെ വിവിധ ജില്ലകൾക്കു പുറമെ ചെന്നൈയിലും നടന്നു. ബഹുഭാഷാ സമ്മേളനമായ ഗിളിവിണ്ടു കാസർകോട്ട് ചരിത്രമായി. കന്നഡ, തുളു, ബ്യാരി, മലയാളം, കൊങ്ങിണി ഭാഷകളിലെ എഴുത്തുകാർ ഒന്നിച്ചു.
ക്വീർ വിഭാഗത്തിലെ എഴുത്തുകാരെ പങ്കെടുപ്പിച്ച് കേരളത്തിൽ ആദ്യമായി അരങ്ങ് എന്ന പേരിൽ സാഹിത്യോത്സവം നടത്തി. ഗോത്രവിഭാഗത്തിലെ യുവ സാഹിത്യശിൽപ്പശാലയും സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം യഥാർഥ ചരിത്രങ്ങളിലേക്കുള്ള സഞ്ചാരമാക്കി. എഴുത്തുകാർ മരിച്ച് 60 വർഷം കഴിഞ്ഞതും പകർപ്പവകാശം അവസാനിച്ചതുമായ 2100 പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്തു. അക്കാദമിക ഗരിമ കൈവിടാതെ സർഗാത്മക സാഹിത്യത്തെയും സാഹിതീയ വിജ്ഞാനത്തേയും ജനങ്ങളിൽ എത്തിക്കാൻ അക്കാദമി അനുദിനം പരിശ്രമിക്കുന്നുണ്ട്.