ന്യൂഡൽഹി
മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. എന്നാൽ, നവംബർ 25ന് തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലേക്ക് ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. 239 സീറ്റുള്ള മധ്യപ്രദേശിൽ 144 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 119 സീറ്റുള്ള തെലങ്കാനയിൽ 55 ഇടത്തും 90 സീറ്റുള്ള ഛത്തീസ്ഗഢിൽ 30 സീറ്റിലേക്കുമാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. മധ്യപ്രദേശിൽ നവംബർ 17നാണ് തെരഞ്ഞെടുപ്പ്. തെലങ്കാനയിൽ നവംബർ 30ന്. രണ്ടുഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ നവംബർ ഏഴിനും 17നുമാണ് വോട്ടെടുപ്പ്.
ബിജെപിക്ക് സമാനമായി സ്ഥാനാർഥി പ്രഖ്യാപനത്തിലും മറ്റും ഹൈന്ദവ വിശ്വാസങ്ങളെ ആശ്രയിക്കുന്ന പതിവിനും കോൺഗ്രസ് തുടക്കംകുറിച്ചു. തെരഞ്ഞെടുപ്പിന് വളരെകുറച്ച് സമയം മാത്രമാണുള്ളതെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തിനായി ഹൈന്ദവ വിശ്വാസികൾ പിതൃക്കൾക്ക് ബലിയർപ്പിക്കുന്ന ‘പിതൃപക്ഷം’ കഴിയുന്നതുവരെ കാത്തിരുന്നു. ശനിയാഴ്ചയാണ് പിതൃപക്ഷം അവസാനിച്ചത്. ഞായറാഴ്ച നവരാത്രിയുടെ ആദ്യ ദിവസമാണെന്നതും പ്രഖ്യാപനത്തിന് കാരണമായി.
മധ്യപ്രദേശിൽ മുൻമുഖ്യമന്ത്രി കമൽനാഥ് സ്ഥിരം മണ്ഡലമായ ചിന്ദ്വാഡയിൽ മത്സരിക്കും. ബുധ്നിയിൽ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെതിരായി വിക്രം മസ്താലാണ് സ്ഥാനാർഥി. ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ സിറ്റിങ് സീറ്റായ പട്ടാനിൽ മത്സരിക്കും. മുതിർന്ന നേതാവും കോൺഗ്രസിൽ ഭാഗേലിന്റെ എതിരാളിയുമായ ടി എസ് സിങ് ദേവ് അംബികാപ്പുരിൽ വീണ്ടും ജനവിധി തേടും.
രാജ്നന്ദ്ഗാവിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിങിനെതിരായി മുതിർന്ന നേതാവ് ഗിരീഷ് ദേവാംഗനെയാണ് രംഗത്തിറക്കിയത്. മറ്റൊരു മുതിർന്ന നേതാവ് തരദ്വാജ് സാഹു ദുർഗിൽ ജനവിധി തേടും. ബസ്തറിൽ ലോകേശ്വർ ബാഗേലും ദന്തേവാഡയിൽ ചവീന്ദ്ര കർമയും മത്സരിക്കും. തെലങ്കാനയിൽ പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി കൊടങ്കലിൽ ജനവിധി തേടും. ബിആർഎസിൽനിന്ന് കൂറുമാറിയെത്തിയ മൂന്നുപേർ ആദ്യ പട്ടികയിൽ ഇടംപിടിച്ചു.