ന്യൂഡൽഹി
പലസ്തീൻജനതയ്ക്കുനേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അഖിലേന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ ഡൽഹി സംസ്ഥാനകമ്മിറ്റി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. വംശഹത്യാ ഭീഷണി നേരിടുന്ന പലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് യോഗം പ്രഖ്യാപിച്ചു.
തൊഴിലാളികൾ, വിദ്യാർഥികൾ, അധ്യാപകർ, അഭിഭാഷകർ, പൊതുപ്രവർത്തകർ തുടങ്ങിയവരെല്ലാം പങ്കെടുത്തു. ഓർഗനൈസേഷൻ അഖിലേന്ത്യ നേതാക്കളായ നീലോൽപൽ ബസു, അരുൺ കുമാർ, ജി ദേവരാജൻ, പി സന്തോഷ്കുമാർ എംപി, അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ്, പ്രൊഫ. ശാശ്വതി മജുംദാർ, അഡ്വ. സുഭാഷ് ചന്ദ്രൻ, വിവേക് ശർമ, മൈമൂന മൊള്ള, സായ് പ്രസാദ് എന്നിവർ സംസാരിച്ചു.















