തിരുവനന്തപുരം
നിരവധി പ്രതിസന്ധികൾ മറികടന്ന് സ്വപ്നപദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ നാടിനാകെ അഭിമാനിക്കാമെന്നും ഈ നേട്ടത്തിൽനിന്ന് ഊർജമുൾക്കൊണ്ട് കേരളത്തിന് കൂടുതൽ ഉയരത്തിലേക്ക് മുന്നേറാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും ഒരുമിച്ചുനിന്ന് നാടിനെ വികസനത്തിലേക്ക് നയിക്കാം.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് അറുതിയായത്. സമുദ്രാധിഷ്ഠിത ചരക്കുനീക്കത്തിൽ രാജ്യത്തിന് സവിശേഷമായ സ്ഥാനം വിഴിഞ്ഞം ഉറപ്പുവരുത്തും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേർന്നുള്ള വിഴിഞ്ഞം ഓപ്പറേഷണൽ ശേഷിയിൽ സിംഗപ്പുർ തുറമുഖത്തേക്കാൾ വലുതാണ്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.















