ന്യൂഡൽഹി
രാജസ്ഥാനിൽ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാത്ത ബിജെപി നേതാക്കൾ കലാപക്കൊടി ഉയർത്തി രംഗത്ത്. സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാത്ത നേതാക്കൾ സ്വതന്ത്രരായോ മറ്റ് പാർടി സ്ഥാനാർഥികളായോ മത്സരിക്കുമെന്ന ഭീഷണി ഉയർത്തിയതോടെ നേതൃത്വം കടുത്ത പ്രതിസന്ധിയിലായി. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുഭാവികളായ നേതാക്കളാണ് സീറ്റ് നിഷേധിക്കപ്പെട്ടതിനെതുടർന്ന് പരസ്യമായി നേതൃത്വത്തിന് എതിരെ രംഗത്തെത്തിയത്.
ജോട്ട്വാരയിലെ മുൻ എംഎൽഎ രാജ്പാൽസിങ് ഷെഖാവത്ത്, കിഷൻഗഢിലെ വികാസ്ചൗധ്രി, ദേവ്ലി ഉനിയാറയിലെ മുൻ എംഎൽഎ രാജേന്ദ്രഗുർജർ, നഗറിലെ മുൻഎംഎൽഎ അനിതാഗുർജർ തുടങ്ങിയവരെ ബിജെപി നേതൃത്വം സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. സ്വതന്ത്രരായി മത്സരിക്കുമെന്ന് ഇവർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജോട്ട്വാരയിൽ രാജ്പാൽസിങ് ഷെഖാവത്തിന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ പരസ്യമായി പ്രതിഷേധിച്ചു. ജയ്പുരിലെ പാർടി കാര്യാലയത്തിലേക്ക് തള്ളിക്കയറാൻ അനുയായികൾ ശ്രമിച്ചു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. ജയ്പുർ റൂറൽ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രാജ്യവർദ്ധൻസിങ് റാത്തോഡിനെ ജോട്ട്വാരയിൽനിന്ന് മത്സരിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് നേതൃത്വം പിൻമാറണമെന്നും അല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അനുയായികൾ മുന്നറിയിപ്പ് നൽകി. നഗറിലെ മുൻ എംഎൽഎ അനിതാസിങ് ഗുർജാറിന്റെ അനുയായികളും വലിയ പ്രതിഷേധങ്ങൾ തുടങ്ങിയിട്ടുണ്ട്.
വിദ്യാധർനഗറിൽ മുൻ മന്ത്രിയും ഉപരാഷ്ട്രപതിയായിരുന്ന ഭൈരോൺസിങ് ഷെഖാവത്തിന്റെ മരുമകനുമായ നർപഥ്സിങ് രാജ്വിയെ ഒഴിവാക്കിയ ബിജെപി നേതൃത്വത്തിന്റെ നടപടിക്ക് എതിരെയും അമർഷം പുകയുകയാണ്. ഇവിടെ രാജ്സമന്ദിൽ എംപിയായ ദിയാകുമാരിയെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
പരാജയഭീതി: കേന്ദ്രമന്ത്രിമാരെയും എംപിമാരെയും അണിനിരത്തി ബിജെപി
ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ജയസാധ്യതയും ജനസ്വാധീനവുമുള്ള നേതാക്കളുടെ അഭാവത്തിൽ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും മത്സരിപ്പിക്കാൻ നിർബന്ധിതരായി ബിജെപി. വിവിധ സംസ്ഥാനങ്ങളിൽ നാല് കേന്ദ്രമന്ത്രിമാരെയും 18 എംപിമാരെയും ഇതിനോടകം സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമാർ, പ്രഹ്ലാദ്പട്ടേൽ, ഫഗ്ഗൻസിങ് കുലസ്തേ, എംപിമാരായ രാകേഷ്സിങ്, ഗണേഷ്സിങ്, റിതിപഥക്ക്, ഉദയ്പ്രതാപ്സിങ്, ബിജെപി ദേശീയ ജനറൽസെക്രട്ടറി കൈലാഷ് വിജയ്വർഗീയ തുടങ്ങിയവരെ മത്സരിപ്പിക്കും. ശിവരാജ്സിങ് ചൗഹാൻ സർക്കാർ ശക്തമായ ജനവിരുദ്ധവികാരം നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ആദ്യറൗണ്ടിൽത്തന്നെ അടിയറവ് പറഞ്ഞതിന് തുല്യമായ നീക്കമാണിതെന്ന വിലയിരുത്തലുണ്ട്.
രാജസ്ഥാനിൽ ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രകാരം ഏഴ് എംപിമാരെ മത്സരത്തിനിറക്കി. മുൻ കേന്ദ്രമന്ത്രിയും ജയ്പുർ റൂറൽ എംപിയുമായ രാജ്യവർധൻ സിങ് റാത്തോഡ് ജോട്വാഡയിൽ മത്സരിക്കും. ഛത്തീസ്ഗഢിലും കേന്ദ്രമന്ത്രിയെയും സിറ്റിങ് എംപിമാരെയും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ അണിനിരത്തി. കേന്ദ്രമന്ത്രി രേണുകാസിങ്, എംപിമാരായ വിജയ്ബാഗേൽ, അരുൺസാവ് തുടങ്ങിയവർക്കും ടിക്കറ്റുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ മുൻനിർത്തിയാണ് സാധാരണ ബിജെപി പ്രചാരണം നടത്താറ്. കർണാടകത്തിലും ഹിമാചൽപ്രദേശിലും ഇത്തരം പ്രചാരണം ഗുണം ചെയ്തില്ല. പ്രധാനമന്ത്രിയിൽ ഊന്നിയുള്ള പ്രചാരണം ഫലിച്ചില്ലെങ്കിൽ പൊതുതെരഞ്ഞെടുപ്പിലും തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടൽ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിമാരെയും എംപിമാരെയും സ്ഥാനാർഥികളായി രംഗത്തിറക്കുന്നത്.















