അഴിമതിവിരുദ്ധ കാവൽസർക്കാർ എന്നാണ് മോദിയുടെ പ്രധാന അവകാശവാദം. എന്നാൽ, മോദി ഭരണം അഴിമതിയുടെയും കൊടുക്കൽ വാങ്ങലുകളുടെയും കാലമാണെന്ന് വസ്തുതകൾ പറയുന്നു. മാധ്യമങ്ങളുടെ വായമൂടിക്കെട്ടി. മിണ്ടുന്നവയെ വേട്ടയാടുന്നു. ഒടുവിൽ അഴിമതി പുറത്തുവരാതിരിക്കാൻ ഓഡിറ്റിങ്ങും അന്വേഷണവുംവരെ നിർത്തിവയ്ക്കുന്നു.
മോദി സർക്കാരിന്റെ അഴിമതികളിലൂടെ
റഫാൽ ഇടപാട്
റഫാൽ യുദ്ധവിമാന ഇടപാട് അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. യുപിഎ സർക്കാരാണ് 527 കോടി രൂപ നിരക്കിൽ 126 യുദ്ധവിമാനം വാങ്ങാൻ പ്രാരംഭകരാർ ഒപ്പിട്ടത്. 18 എണ്ണം ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് നിർമിച്ചുനൽകുന്നതിനും ശേഷിക്കുന്നവ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ബംഗളൂരുവിലെ എച്ച്എഎല്ലിന് നൽകാനുമായിരുന്നു കരാർ. എന്നാൽ 36 യുദ്ധവിമാനം വാങ്ങാൻ മുൻപരിചയമില്ലാത്ത ‘റിലയൻസ് ഡിഫൻസി’നെ കൂട്ടു കമ്പനിയാക്കി മോദി കരാർ പുതുക്കി. ഒരു വിമാനത്തിന്റെ വില 1620 കോടി രൂപയാക്കി. 56,000 കോടി രൂപയുടെ ഇടപാടിൽ വൻഅഴിമതി നടന്നു. ഇടനിലക്കാരൻ സുശേൻ ഗുപ്തയ്ക്ക് 8.5 കോടി രൂപ കോഴ കിട്ടിയതിന്റെ രേഖകൾ ലഭിച്ചു. എന്നിട്ടും സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അനങ്ങിയില്ല.
വിള ഇൻഷുറൻസ്
പ്രധാനമന്ത്രി ഫസൽ ബീമ യോജന എന്ന വിള ഇൻഷുറൻസ് പദ്ധതി ക്രമക്കേടുകളുടെ വിളനിലമായി. ഇതിന്റെ പേരിൽ 20–17– –18 വർഷത്തിൽമാത്രം റിലയൻസടക്കമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ 15,975 കോടി ലാഭം നേടി. ആകെ ലഭിച്ച തുകയുടെ അഞ്ചിനൊന്നുപോലും വിള നശിച്ച കർഷകർക്ക് നൽകിയില്ല.
ഭാരത്മാല പദ്ധതി
ഭാരത്മാല പദ്ധതി അഴിമതിയുടെ കേന്ദ്രമെന്ന് കണ്ടെത്തിയത് സിഎജിയാണ്. 34,800 കിലോമീറ്റർ ദേശീയപാതയുടെ അടങ്കൽ തുക ഇരട്ടിയിലേറെയാക്കി. 5.4 ലക്ഷം കോടി കണക്കാക്കിയ പദ്ധതിയുടെ ചെലവ് 10 ലക്ഷം കോടി കവിഞ്ഞു. ഡൽഹി– -വഡോദര എക്സ്പ്രസ് പാത, ദ്വാരക എക്സ്പ്രസ് പാത എന്നിവയ്ക്ക് കേന്ദ്രം അംഗീകരിച്ച അടങ്കൽ കിലോമീറ്ററിന് 13.98 കോടിയായിരിക്കെ 23.89 കോടി രൂപ അനുവദിച്ചു.
ആയുഷ്മാൻ ഭാരത്
സാധാരണക്കാരുടെ ആരോഗ്യപരിരക്ഷയ്ക്കായി തുടങ്ങിയ ആയുഷ്മാൻ ഭാരത്– പ്രധാനമന്ത്രി ജൻആരോഗ്യ യോജന (പിഎംജെഎവൈ) പദ്ധതിയിൽ ലക്ഷക്കണക്കിന് വ്യാജ ഗുണഭോക്താക്കളെ ചേർത്ത് വൻക്രമക്കേട് നടത്തി. ലക്ഷക്കണക്കിന് ആളുകൾ ഒരേ മൊബൈൽ നമ്പർ നൽകി പണം തട്ടിയെടുത്തത് ദേശീയ ഹെൽത്ത് അതോറിറ്റി (എൻഎച്ച്എ) ശരിവച്ചതായി സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കൽക്കരി ഇറക്കുമതി
അദാനി കമ്പനി 41,640 കോടി രൂപയുടെ കൽക്കരി, വില ഇരട്ടിയാക്കി കാണിച്ച് ഇറക്കുമതി ചെയ്തതിലൂടെ കോടികൾ കൊള്ളയടിച്ചു. ഇറക്കുമതി കൽക്കരി ഉപയോഗിക്കുന്ന വൈദ്യുത നിലയത്തിൽനിന്നുള്ള വൈദ്യുതിക്കും വൻവില ഈടാക്കി. ഈ രണ്ട് ക്രമക്കേടിലൂടെയും 10,000 കോടി രൂപ കൊള്ളയടിച്ചെന്നാണ് റിപ്പോർട്ട്.
അദാനിയെ വളർത്തിയ അഴിമതി
നിമിഷ വേഗത്തിലാണ് ഗൗതം അദാനി എന്ന ഗുജറാത്തുകാരൻ ലോകത്തെ രണ്ടാമത്തെ കോടീശ്വരനായത്. 2014ൽ അദാനിയുടെ സ്വത്ത് 50,000 കോടി രൂപ മാത്രമമായിരുന്നു. 2022ൽ അത് 11.44 ലക്ഷം കോടി രൂപയായി.
അഴിമതിപ്പണം ലഭിക്കുന്നത് ബിജെപിക്ക്
അഴിമതിപ്പണം ഇലക്ടറൽ ബോണ്ടുകളിലൂടെയും അല്ലാതെയും ബിജെപിക്ക് ലഭിക്കുന്നു. ഈ അജ്ഞാത സംഭാവനകളുടെ 95 ശതമാനത്തിലധികം ബിജെപിക്കാണ്.
(തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്)















