ന്യൂഡൽഹി
ബിജെപി ഇതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അർധസത്യങ്ങളുടെ മറവിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണ മാമാങ്കം നടക്കുമ്പോൾ വിവാദമായ കേന്ദ്രപദ്ധതികളുടെ ഓഡിറ്റ് നിർത്തിവയ്ക്കുന്നത് മോദിസർക്കാരിന്റെ ഇരട്ടത്താപ്പിന് തെളിവ്. ആയുഷ്മാൻ, ഭാരത്മാല പദ്ധതികളടക്കം നിരവധി കേന്ദ്രപദ്ധതികളിൽ വൻഅഴിമതി ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഫീസ് നടത്തുന്ന ഓഡിറ്റുകൾക്കാണ് സർക്കാർ മൂക്കുകയറിട്ടത്.
വാജ്പേയി സർക്കാരിന്റെ കാലത്ത് കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കായി വാങ്ങിയ ശവപ്പെട്ടികളുടെ വില പെരുപ്പിച്ച് കാട്ടിയെന്ന സിഎജി റിപ്പോർട്ടിനെത്തുടർന്ന് അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന് രാജിവയ്ക്കേണ്ടിവന്നു. യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ 2ജി സ്പെക്ട്രം ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ടാണ് കോൺഗ്രസിനെ കടുത്ത രാഷ്ട്രീയ തകർച്ചയിലേക്ക് നയിച്ചത്. ഇത് മുതലെടുത്താണ് ബിജെപി അധികാരത്തിലേറിയത്. ഇപ്പോഴാകട്ടെ കേന്ദ്രസർക്കാരിന്റെ മുൻനിര പദ്ധതികളായ ആയുഷ്മാനിലും ഭാരത്മാലയിലും വൻതോതിൽ ക്രമക്കേടുകളും സാമ്പത്തികനഷ്ടവും സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ടുകൾ വന്നു. ദ്വാരക എക്സ്പ്രസ്വേയിൽ കിലോമീറ്ററിന് 18.20 കോടി രൂപ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികസമിതി നിർമാണച്ചെലവ് നിശ്ചയിച്ച സ്ഥാനത്ത് ദേശീയപാത അതോറിറ്റി 250.77 കോടി രൂപ ചെലവിട്ടതായി സിഎജി റിപ്പോർട്ടിൽ കണ്ടെത്തി.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാനിൽ ലക്ഷക്കണക്കിന് വ്യാജ ഗുണഭോക്താക്കളെ ചേർത്തതായും കണ്ടെത്തി. ഇതോടെ ഓഡിറ്റിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കേന്ദ്രസർക്കാരിലെ കൂടുതൽ അഴിമതികൾ പുറത്തുവരുമെന്ന ഭയമാണ് കാരണം.















