പാലക്കാട്
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് പാലക്കാട് ടീം എത്തുന്നത്. പറളി, മുണ്ടൂർ, കല്ലടി സ്കൂളുകൾക്കൊപ്പം കുഞ്ഞൻ സ്കൂളുകളും മികച്ച പ്രകടനവുമായി ഒപ്പമുണ്ട്. ഒത്തുപിടിച്ചാൽ തുടർച്ചയായി മൂന്നാംതവണയും ഓവറോൾ കിരീടം കൊണ്ടുവരാമെന്നാണ് കണക്കുകൂട്ടൽ.
തിരുവനന്തപുരത്ത് കഴിഞ്ഞതവണ 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമടക്കം 269 പോയിന്റുമായാണ് ജേതാക്കളായത്. രണ്ടാംസ്ഥാനത്ത് വന്ന മലപ്പുറത്തെക്കാൾ 120 പോയിന്റ് വ്യത്യാസം.മാത്തൂർ സിഎഫ്ഡി, കോട്ടായി ജിവിഎച്ച്എസ്എസ്, കാട്ടുകുളം എകെഎൻഎംഎംഎഎം എച്ച്എസ്, വടവന്നൂർ ജിഎച്ച്എസ്എസ്, ചിറ്റലഞ്ചേരി എംഎൻകെഎം എച്ച്എസ്എസ്, ചിറ്റൂർ ജിബിഎച്ച്എസ് ടീമുകളിൽ മെഡൽ ഉറപ്പിക്കുന്ന താരങ്ങളുണ്ട്. സീനിയർ വിഭാഗത്തിൽ മാത്തൂരിന്റെ പി അഭിറാം, പറളിയുടെ എം നിരഞ്ജൻ, ചിറ്റൂരിന്റെ ജെ ബിജോയ് എന്നിവർ ജില്ലയുടെ സ്വർണപ്രതീക്ഷകളാണ്. പെൺകുട്ടികളിൽ പറളിയുടെ എം ജ്യോതിക, മുണ്ടൂരിന്റെ എം അഞ്ജന എന്നിവരും സ്വർണനേട്ടം ആവർത്തിക്കാനാണ് കുന്നംകുളത്ത് എത്തുന്നത്.
ജൂനിയർ ആൺകുട്ടികളിൽ ചിറ്റൂരിന്റെ യു ആയുഷ് കൃഷ്ണയും പെൺകുട്ടികളിൽ കൊടുവായൂരിന്റെ നിവേദ്യ കലാധറും ഒന്നിൽ കൂടുതൽ മെഡലാണ് ലക്ഷ്യമിടുന്നത്. സബ് ജൂനിയറിൽ അർഷാദ് അലിയിലും പി നികിതയിലുമാണ് പ്രതീക്ഷ. മികച്ച സ്കൂളിനുള്ള പുരസ്കാരത്തിൽ കഴിഞ്ഞ രണ്ടുതവണയും കല്ലടി എച്ച്എസ് കുമരംപുത്തൂർ രണ്ടാംസ്ഥാനത്താണ്. പറളി എച്ച്എസ് നാലാമത്. ഇക്കുറി കൂടുതൽ കരുത്തോടെ കുതിക്കാനാണ് രണ്ട് സ്കൂളുകളുടെയും ഒരുക്കം.















