തിരുവനന്തപുരം
കോൺഗ്രസ് സർക്കാരുകൾ കേന്ദ്രത്തിലും കേരളത്തിലും ഭരിച്ചപ്പോഴും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാഥമിക ഘട്ടങ്ങളിൽപ്പോലും അനുകൂല സമീപനമെടുത്തില്ല. അനാവശ്യ കാരണം പറഞ്ഞ് മുടക്കുകയാണ് ചെയ്തതെന്ന് 2006–-2011 കാലത്ത് തുറമുഖ ചുമതലയുണ്ടായിരുന്ന അന്നത്തെ മന്ത്രി എം വിജയകുമാർ ഓർക്കുന്നു. 1996ൽ ഇ കെ നായനാർ സർക്കാരാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ സാധ്യത മുന്നിൽക്കണ്ട് ശുഭപ്രതീക്ഷയോടെ പ്രാഥമിക നടപടി തുടങ്ങിയത്. എന്നാൽ, അത് പിന്തുടരാൻ പിന്നീട് വന്ന എ കെ ആന്റണി സർക്കാർ തയ്യാറായില്ല. സമ്മർദം ശക്തമായപ്പോൾ ഗൃഹപാഠം നടത്താതെ ടെൻഡർ നടത്തി. കൺസോർഷ്യത്തിൽ രണ്ട് ചൈനീസ് കമ്പനികൾ ഉണ്ടെന്നു പറഞ്ഞ് കേന്ദ്ര കോൺഗ്രസ് സർക്കാർ ആദ്യം ഫയൽ പൂഴ്ത്തി, സുരക്ഷാ അനുമതി നിഷേധിച്ചു.
തുടർന്ന് അധികാരത്തിലെത്തിയ വി എസ് അച്യുതാനന്ദൻ സർക്കാർ വീണ്ടും ടെൻഡർ വിളിച്ചു. ലാൻകോ കൊണ്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ടെൻഡർ ലഭിച്ചു. അതിനും അനുമതി നിഷേധിച്ചു. ദുരൂഹസാഹചര്യത്തിൽ കൊണ്ടപ്പള്ളി പിന്മാറി. നിരന്തരം തടസ്സമുണ്ടായ സാഹചര്യത്തിൽ വി എസ് സർക്കാർ നിർദേശിച്ച പ്രകാരം ഐഎഫ്സി എന്ന കമ്പനി പഠിച്ച് റിപ്പോർട്ട് നൽകിയത് പിപിപി മാതൃകയല്ല സർക്കാർ ഉടമസ്ഥതയാണ് അഭികാമ്യമെന്നാണ്. അതനുസരിച്ച് ‘ലാൻഡ് ലോർഡ് പോർട്ട് ’ ആയി നിർമിക്കാൻ തീരുമാനിച്ച് 120 ഏക്കർ സ്ഥലവും ഏറ്റെടുത്ത് നൽകി. ആ നടപടി തുടർന്നിരുന്നെങ്കിൽ പൊതുമേഖലയിൽ വരുമായിരുന്നു തുറമുഖം.
എന്നാൽ, പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാർ അദാനിയുടെ കാൽക്കീഴിൽ കൊണ്ടുവച്ചെന്നും എം വിജയകുമാർ പറഞ്ഞു. 2010 ആഗസ്ത് 11ന് വിഴിഞ്ഞം പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കി ആദ്യഘട്ടം അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തപ്പോൾ വേദിയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടിയും ജോർജ് മെഴ്സിയർ എംഎൽഎയും ഉണ്ടായിരുന്നു.















