കുവൈത്ത് സിറ്റി > പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കുവൈത്തിൽ എല്ലാ ആഘോഷ പരിപാടികളും അനിശ്ചിതകാലത്തേക്ക് നിർത്തി വെക്കാൻ മന്ത്രിമാരുടെ കൗൺസിൽ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് വിവരമന്ത്രാലയത്തിന് നിർദേശം നൽകി.
ഇസ്രായേൽ ആക്രമണത്തിന് വിധേയരായ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും രക്തസാക്ഷികളുടെ ആത്മാക്കൾക്ക് വേണ്ടി ആദരവ് പ്രകടിപ്പിച്ചും കുവൈത്തിൽ കലാപരമായ ആഘോഷങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിമാരുടെ കൗൺസിൽ ഇൻഫർമേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.
മന്ത്രിസഭ നിർദേശം പ്രാബല്യത്തിൽ വന്നതായി വിവര മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിംഗ്, പബ്ലിക്കേഷൻസ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ലാഫി അൽ സുബൈ വ്യക്തമാക്കി. നേരത്തെ അനുമതി നൽകിയ പരിപാടികൾക്കും ഇത് ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.