ന്യൂഡൽഹി
‘ഞങ്ങൾ എടുത്ത് കഴിക്കില്ല, അങ്ങനെ കഴിക്കാൻ ആരെയും സമ്മതിക്കുകയുമില്ല’–പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ൽ അധികാരമേറ്റ നാളുകളിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത്. ബിജെപി സർക്കാർ അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നായിരുന്നു അവകാശവാദം. ഒമ്പതര വർഷം പിന്നിടുമ്പോൾ അഴിമതിക്ക് കുട പിടിക്കുന്ന മോദി സർക്കാരിനെയാണ് കാണാനാകുന്നത്.
ആയുഷ്മാൻ ഭാരത്, ഭാരത്മാല എന്നിവയുടെ നിർവഹണത്തിലെ അഴിമതികളും കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവന്ന മൂന്ന് ഓഡിറ്റ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് ഉദാഹരണം. അദാനി ഗ്രൂപ്പ് ഓഹരിവിപണിയിൽ നടത്തിയ തിരിമറികളിൽ കേന്ദ്രസർക്കാരിന്റെ പങ്ക് സംബന്ധിച്ച് പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഖനനമേഖലയിൽ അദാനിഗ്രൂപ്പിന് കേന്ദ്രം വഴിവിട്ട് സഹായം നൽകിയെന്ന വിവരവും പുറത്തുവന്നു. റാഫേൽ യുദ്ധവിമാന ഇടപാടിനെപ്പറ്റി ഫ്രാൻസിൽ നടന്ന അന്വേഷണങ്ങൾ കോഴ കൈമാറ്റം സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ ബിജെപി ഭരണകാലത്ത് നടന്ന വ്യാപം നിയമന കുംഭകോണം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ്.
ഇതേപ്പറ്റിയുള്ള അന്വേഷണത്തിലും ബിജെപി പ്രതികളെ സംരക്ഷിച്ചു.ബാങ്കുതട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരെ നിയമത്തിന്റെ വഴിയിൽ കൊണ്ടുവരാൻ മോദി സർക്കാരിനായിട്ടില്ല. കോർപറേറ്റുകൾ പൊതുമേഖലാ ബാങ്കുകളിൽ വരുത്തിയ ലക്ഷക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളുന്നു.