ന്യൂഡൽഹി
വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ (എഫ്സിആർഎ) ലംഘിച്ചെന്ന് ആരോപിച്ച് ന്യൂസ്ക്ലിക്കിനെതിരായി സിബിഐ കേസെടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം. കഴിഞ്ഞ ആഗസ്തിലാണ് എഫ്സിആർഎ ലംഘനത്തിന്റെ പേരിൽ ന്യൂസ്ക്ലിക്കിനും ചീഫ് എഡിറ്റർ പ്രബീർ പുർകായസ്തയ്ക്കുമെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രാലയം സിബിഐയോട് ആവശ്യപ്പെട്ടത്.
ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായിരുന്നു പരാതിക്കാരൻ. മോദി സർക്കാരിനെതിരെ നിരന്തരം വാർത്തകളും വീഡിയോകളും നൽകിയതിലുള്ള പ്രതികാരമായി ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ ഗൂഢാലോചനയിൽ ഉടലെടുത്തതാണ് ന്യൂസ്ക്ലിക്കിനെതിരായ പുതിയ കേസുകളെന്ന് ഇതോടെ വ്യക്തം.
ചൈനയിൽനിന്ന് പണം സ്വീകരിച്ച് ഇന്ത്യാവിരുദ്ധ വാർത്തകൾ നൽകിയെന്നാണ് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പൊലീസ് എടുത്ത യുഎപിഎ കേസിൽ ആരോപിക്കുന്നത്. സിബിഐയുടെ എഫ്സിആർഎ കേസിൽ എഫ്സിആർഎ ചട്ടങ്ങൾ ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചെന്നാണുള്ളത്. വിദേശത്തുനിന്ന് സംഭാവനാരൂപത്തിൽ ഒരു പണവും സ്വീകരിച്ചിട്ടില്ലെന്ന് 2021ൽ ഇഡി എടുത്ത കേസിൽ ന്യൂസ്ക്ലിക്ക് ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ന്യൂസ്ക്ലിക്കിന്റെ 7.69 ശതമാനം ഓഹരിക്ക് പകരമായി യുഎസിലെ വേൾഡ്വൈഡ് മീഡിയാ ഹോൾഡിങ്സിൽനിന്ന് എഫ്ഡിഐ ചട്ടങ്ങൾ പാലിച്ച് 9.59 കോടി രൂപ സ്വീകരിച്ചിട്ടുണ്ട്. 2019 മുതൽ 2021 വരെ സേവനങ്ങൾക്കുള്ള പ്രതിഫലമായി 28.46 കോടി രൂപ നാല് സ്ഥാപനത്തിൽനിന്ന് സ്വീകരിച്ചിട്ടുള്ളതാണ് സിബിഐ എഫ്സിആർഎ ചട്ടങ്ങളുടെ ലംഘനമായി ആരോപിക്കുന്നത്. വസ്തുതകൾ ഇതായിരിക്കെയാണ് കൂടുതൽ കള്ളക്കേസുകൾ ചുമത്തി ഒരു സ്വതന്ത്ര മാധ്യമസ്ഥാപനത്തെ നിശ്ശബ്ദമാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമം.