ന്യൂഡൽഹി
സ്ഥാനാർഥിനിർണയത്തെച്ചൊല്ലി രാജസ്ഥാൻ ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു. സഞ്ചോർ മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ലോക്സഭാംഗം ദേവ്ജി പട്ടേലിന്റെ വാഹനവ്യൂഹം ബിജെപി പ്രവർത്തകർ ആക്രമിച്ചു. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. പ്രവർത്തകർ പട്ടേലിനെതിരായി മുദ്രാവാക്യം മുഴക്കി. കരിങ്കൊടി കാട്ടി. ബിജെപി പ്രവർത്തകരും പട്ടേലിന്റെ അനുയായികളും തമ്മിൽ വിവിധയിടത്ത് ഏറ്റുമുട്ടി. സീറ്റ് നിഷേധിക്കപ്പെട്ട ദാനാറാം ചൗധരിയുടെ അനുയായികളാണ് ആക്രമണത്തിനു പിന്നിലെന്ന് പട്ടേൽ ആരോപിച്ചു.
കോട്പുട്ലി മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാവ് മുകേഷ് ഗോയൽ മാധ്യമങ്ങൾക്കു മുമ്പിൽ പൊട്ടിക്കരഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് നീക്കം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച 41 സീറ്റിൽ പത്തോളമിടത്ത് വിമതസ്വരമുയർന്നു. സീറ്റ് കിട്ടാത്തവരെ അനുനയിപ്പിക്കാൻ കേന്ദ്രമന്ത്രി കൈലാഷ് ചൗധരിയുടെ നേതൃത്വത്തിൽ 11 അംഗ സമിതി രൂപീകരിച്ചു.
ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ വിശ്വസ്തരിൽ പലരും തഴയപ്പെട്ടതിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ക്ഷുഭിതയാണ്. സീറ്റ് നിഷേധിക്കപ്പെട്ട അനിത സിങ്, രാജ്പാൽ സിങ് ശെഖാവത്ത് തുടങ്ങിയവർ സ്വതന്ത്രരായി മത്സരിച്ചേക്കും. രാജസ്ഥാൻ രാഷ്ട്രീയത്തിൽനിന്ന് വസുന്ധരയെ വലിച്ച് ജയ്പുർ കുടുംബാംഗം ദിയാകുമാരിയെ നേതാവായി ഉയർത്താനാണ് മോദി–- അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കം. ലോക്സഭാംഗമായ ദിയാകുമാരിയെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽത്തന്നെ കേന്ദ്രനേതൃത്വം ഉൾപ്പെടുത്തി. സിറ്റിങ് സീറ്റായ വിദ്യാദർനഗറിൽ മുൻഉപരാഷ്ട്രപതി ഭൈരോൺ സിങ് ശെഖാവത്തിന്റെ മരുമകൻ നർപദ് സിങ് രാജ്വിയെ ഒഴിവാക്കിയാണ് ദിയാകുമാരിയെ പരിഗണിച്ചത്.