ന്യൂഡൽഹി
ഛത്തീസ്ഗഢിൽ ഒന്നാംഘട്ട വോട്ടെടുപ്പിന് 25 ദിവസംമാത്രം ശേഷിക്കുമ്പോഴും കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. രണ്ട്–- നാലുദിവസത്തിനുള്ളിൽ പട്ടിക തയ്യാറാകുമെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള കുമാരി ഷെൽജയുടെ അവകാശവാദം. ഹൈന്ദവവിശ്വാസികൾ പിതൃക്കൾക്ക് ബലിയർപ്പിക്കുന്ന പിതൃപക്ഷത്തിനുശേഷം (ശനിയാഴ്ച) സ്ഥാനാർഥിപ്പട്ടിക തയ്യാറാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ടി എസ് സിങ് ദേവ് പറഞ്ഞു. മധ്യപ്രദേശിലെ സ്ഥാനാർഥിപ്പട്ടികയും ഇതിനുശേഷം ഇറക്കുമെന്ന് മുഖ്യമന്ത്രി കമൽനാഥ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
നവംബർ ഏഴിനാണ് ഛത്തീസ്ഗഢിൽ നക്സൽ ബാധിത മേഖലയടക്കം 20 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ്. 17ന് രണ്ടാംഘട്ടം. 7-0 മണ്ഡലങ്ങൾ. മുഖ്യപ്രതിപക്ഷമായ ബിജെപി 85 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉപമുഖ്യമന്ത്രി ടി എസ് സിങ് ദേവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ സ്ഥാനാർഥി നിർണയത്തെ ബാധിച്ചിട്ടുണ്ട്. പരമാവധി സീറ്റിൽ വിശ്വസ്തരെ മത്സരിപ്പിക്കാനാണ് ഇരുനേതാക്കളുടെയും ശ്രമം. 2018ൽ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പദത്തിൽ ഊഴമിട്ട് അവസരമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ബാഗേൽ അത് ലംഘിച്ചെന്നാണ് ടി എസ് സിങ് ദേവ് പക്ഷത്തിന്റെ ആരോപണം.
എല്ലാ സീറ്റിലും മത്സരിക്കുമെന്ന്
വൈഎസ്ആർ തെലങ്കാന
തെലങ്കാനയിൽ 119 സീറ്റിലും വൈഎസ്ആർ തെലങ്കാന പാർടി മത്സരിക്കുമെന്ന് പ്രസിഡന്റ് വൈ എസ് ശർമിള. കോൺഗ്രസുമായുള്ള ലയനനീക്കം പാളിയതിനെ തുടർന്നാണ് തീരുമാനം. തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസിനെതിരായ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചെന്നും ശർമിള പറഞ്ഞു. പലേരു മണ്ഡലത്തിൽ മത്സരിക്കുമെന്നും അറിയിച്ചു. ആവശ്യമെങ്കിൽ ഭർത്താവ് അനിൽകുമാറും അമ്മ വൈ എസ് വിജയമ്മയും തെരഞ്ഞെടുപ്പിൽ മത്സരിക്കും.
തെലങ്കാനയിൽ ശർമിളയുടെ പാർടി എല്ലാ സീറ്റിലും മത്സരിക്കുന്നത് കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കും. ഇതോടെ ഭരണകക്ഷിയായ ബിആർഎസിന് തെരഞ്ഞെടുപ്പിൽ കൂടുതൽ മുൻതൂക്കമായി. കർണാടക തെരഞ്ഞെടുപ്പിനുശേഷമാണ് കോൺഗ്രസിൽ ലയിക്കാനുള്ള താൽപ്പര്യം ശർമിള പ്രകടമാക്കിയത്. ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന കോൺഗ്രസ് നിബന്ധന തടസ്സമായി. സഹോദരൻ മുഖ്യമന്ത്രിയായിട്ടുള്ള ആന്ധ്രയിലേക്ക് പോകില്ലെന്നും തെലങ്കാനയിൽ പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നും ശർമിള വ്യക്തമാക്കി. കോൺഗ്രസിൽ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും തെലങ്കാനയിൽ അനുയായികൾക്കായി 15 സീറ്റും ആവശ്യപ്പെട്ടു. ആഗസ്ത് 31ന് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടു. എന്നാൽ, തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വം ശർമിളയുടെ വരവിനോട് യോജിച്ചില്ല.