ന്യൂഡൽഹി
നയതന്ത്ര പ്രതിസന്ധിയിൽ മഞ്ഞുരുക്കം ലക്ഷ്യമിട്ട് ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കർ ക്യാനഡ വിദേശമന്ത്രി മെലാനി ജോളിയുമായി അമേരിക്കയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര സംഘർഷത്തിലായിരുന്നു.
ദിവസങ്ങൾക്കുമുമ്പ് നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് ബ്രിട്ടീഷ് പത്രമായ ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് നൽകിയത്. യുഎൻ പൊതുസമ്മേളനത്തിനായി ജയ്ശങ്കറടക്കമുള്ള നേതാക്കൾ ന്യൂയോർക്കിൽ തങ്ങിയിരുന്നു. സ്വകാര്യ കൂടിക്കാഴ്ചകളിലൂടെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് മെലാനി ജോളിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.