ആലപ്പുഴ
‘‘എപ്പോഴാണ് അപകട സൈറൺ മുഴങ്ങുന്നതെന്നറിയില്ല. ഒരു സുരക്ഷയുമില്ല ഇവിടുത്തെ ജീവിതത്തിന്. അപകടമുണ്ടായാൽ ഫ്ലാറ്റിന് ഏറ്റവുമടിയിലുള്ള ‘ഹെദർ അത്തൂ’മി (ബങ്കർ)ലേക്ക് മാറണം, കുഞ്ഞുങ്ങൾ ഒന്ന് ചിരിക്കാൻ പോലുമാകാതെ ഞെട്ടിയിരിക്കുകയാണ്’’–- ഇസ്രയേലിലെ നഥാനിയയിൽ താമസിക്കുന്ന റെബേക്ക കോഹന്റെ വാക്കുകളിൽ നിറയെ ഭയമാണ്. ചേർത്തല മുട്ടത്ത് വേരുകളുള്ള റെബേക്കയും കുടുംബവും കേരളത്തിലെ യഹൂദകേന്ദ്രമായിരുന്ന പറവൂരിലെ വീട്ടിൽനിന്ന് 19 വയസുള്ളപ്പോൾ 1960കളുടെ ഒടുവിലാണ് ഇസ്രയേലിലേക്ക് പോയത്.
മകളുടെ വീടിന് സമീത്തെ സിനഗോഗിൽ ഇസ്രയേൽ സൈന്യമെത്തി ആളുകളെ സൈനിക സേവനത്തിന് കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് സംഘർഷ വിവരമറിഞ്ഞതെന്ന് റെബേക്ക പറഞ്ഞു. ശാബതിൽ യാഥാസ്ഥിതിക യഹൂദർ ടെലിവിഷൻ കാണാത്തതിനാൽ എന്താണ് സംഭവിച്ചതെന്നറിയാൻ വൈകി. ഹമാസ് പാരച്യൂട്ട് വഴിയെത്തി ഇസ്രയേലിന്റെ റഡാർ തകർത്തതുമൂലം അയൺ ഡോം പ്രവർത്തിക്കാതെപോയതാണ് ദുരന്തം കടുത്തതാക്കിയത്.
‘കേരളമായിരുന്നു സ്വർഗം’
കേരളത്തിൽനിന്ന് പോരേണ്ടായിരുന്നുവെന്നു തോന്നുന്നില്ലേയെന്നു ചോദിച്ചപ്പോൾ കേരളത്തിലായിരുന്നെങ്കിൽ ജീവിതം സുരക്ഷിതമാകുമായിരുന്നു എന്നാണ് റബേക്കയുടെ മറുപടി. ഇസ്രയേലിൽ എല്ലാവർക്കും നിർബന്ധിത പട്ടാളസേവനമാണ്. സംഘർഷം തുടങ്ങിയശേഷം വിദ്യാർഥികളുടെ പഠനം ഓൺലൈനായാണ്. പ്രധാന വരുമാന മാർഗമായ വിനോദസഞ്ചാരമേഖലയും നിശ്ചലമായി. വിശുദ്ധനാട് സന്ദർശനത്തിന് ഫാ. സ്ലീബയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നെത്തിയ സംഘം ഈജിപ്തുവഴി മടങ്ങി–-റബേക്ക പറഞ്ഞു.