ന്യൂഡൽഹി
‘ന്യൂസ്ക്ലിക്ക്’ വേട്ടയ്ക്കെതിരായ പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് വിഖ്യാത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതിറോയ്യെ 13 വർഷം പഴക്കമുള്ള കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയത്. ന്യൂസ്ക്ലിക്ക് റെയ്ഡ് നടന്നതിന്റെ അടുത്തദിവസം (ഈമാസം നാലിന്) ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ബിജെപി സർക്കാരിനെതിരെ അരുന്ധതിറോയ് രൂക്ഷമായി വിമർശിച്ചു. ‘നിശ്ചിതകാലത്തേക്ക് മാത്രമേ അടിയന്തരാവസ്ഥ ഏർപ്പെടുത്താനാകൂ. എന്നാൽ, ബിജെപിയും മോദിയും ഈ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും അടിസ്ഥാന സവിശേഷതകൾതന്നെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അവർ വീണ്ടും അധികാരത്തിൽ എത്തിയാൽ ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരാനുള്ള സാധ്യത കുറവാണ്’–- അരുന്ധതി റോയ് പറഞ്ഞു. ഇതിനുപിന്നാലെയാണ്, 2010ലെ കേസ് അരുന്ധതി റോയ്ക്കെതിരെ ഇപ്പോൾ അധികൃതർ കുത്തിപ്പൊക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിഷയം അന്താരാഷ്ട്രതലത്തിലും ചർച്ചയായി.