ന്യൂഡൽഹി
രാജസ്ഥാനിൽ വസുന്ധര രാജെ പക്ഷത്തെ പൂർണമായും വെട്ടിയൊതുക്കിയുള്ള ആദ്യ സ്ഥാനാർഥി പട്ടികയ്ക്കെതിരായി ബിജെപിയിൽ കലഹം രൂക്ഷം. സീറ്റ് നിഷേധിക്കപ്പെട്ടവരുടെ അനുയായികൾ ജയ്പുരിലെ ബിജെപി സംസ്ഥാന ഓഫീസിനു മുന്നിലും സംസ്ഥാനവ്യാപകമായും പ്രതിഷേധിച്ചു. ചിലയിടങ്ങളിൽ ബിജെപി പതാകകൾ പ്രവർത്തകർ കത്തിച്ചു. വസുന്ധര രാജെ വിഭാഗം നേതാക്കളെ വെട്ടുന്നതിനായി കേന്ദ്രനേതൃത്വം ഏഴ് എംപിമാരെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധം രൂക്ഷമാക്കി. ഇതോടെ ചർച്ചകൾക്കായി കേന്ദ്രമന്ത്രി കൈലാഷ് ചൗധുരിയുടെ നേതൃത്വത്തിൽ 11 അംഗ സമിതിക്ക് ബിജെപി രൂപം നൽകി.
ജോട്വാരയിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ മന്ത്രി രാജ്പാൽ സിങ് ശെഖാവത്ത് മുൻ മുഖ്യമന്ത്രി വസുസന്ധര രാജെ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥികളിൽ പലരും ബിജെപി വിരുദ്ധരാണെന്ന് സിന്ധ്യയുടെ വിശ്വസ്തരിൽ ഒരാളായ ശെഖാവത്ത് ആരോപിച്ചു. 40–-50 സീറ്റിൽ ബിജെപി ഒതുങ്ങുമെന്ന് കോട്പുട്ലിയിൽ സീറ്റ് നിഷേധിക്കപ്പെട്ട മുകേഷ് ഗോയൽ പറഞ്ഞു. ഗോയലിന്റെ അനുനായികൾ ബിജെപി പതാകകൾ കത്തിച്ചു. ഭരത്പുരിലെ നഗർ മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട അനിതാ സിങ് വിമത സ്ഥാനാർഥിയായി രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ബാൻസുറിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ മന്ത്രി രോഹിതാഷ് ശർമയും തിജാരയിൽ തഴയപ്പെട്ട സിറ്റിങ് എംഎൽഎ മാമൻ സിങ് യാദവും നേതൃത്വത്തിനെതിരെ രംഗത്തെത്തി.