ഗാസ
ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ ബോംബിട്ട ശനി രാത്രിയാണ് അൽ നസറിലെ അമർ ആഷറിന്റെ ഭാര്യയെ പ്രസവത്തിനായി പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ അവർക്ക് ആൺകുട്ടി പിറന്നു. പിറ്റേന്ന് നവജാതശിശുവുമായി തിരികെയെത്തിയ അവരെക്കാത്ത് പക്ഷേ, വീടുണ്ടായിരുന്നില്ല.
അവർ താമസിച്ചിരുന്ന വീടുൾപ്പെടുന്ന 11 നില കെട്ടിടം ഇസ്രയേൽ ബോംബാക്രമണത്തിൽ നിലംപൊത്തി. സ്വന്തമെന്നു പറയാൻ ഒരു ഉടുപ്പുപോലും തിരഞ്ഞുപിടിക്കാനാകാതെ കെട്ടിടങ്ങൾ മാറിമാറി അഭയംതേടുകയാണ് അവരിപ്പോൾ. തങ്ങളുടെ വീടിന്റെ തൊട്ടുപിന്നിലെ കെട്ടിടത്തിൽ വ്യോമാക്രമണം ഉണ്ടായതോടെയാണ് ഷാദി അലിയും സഹോദരനും അൽ വാതൻ ടവറിലെ അച്ഛനമ്മമാരുടെ വീട്ടിലേക്ക് മാറിയത്. മണിക്കൂറുകൾക്കകം അവിടെനിന്നും ഇറങ്ങിയോടേണ്ടിവന്നു. ഗാസയിലെ ജനങ്ങളുടെ അരക്ഷിതാവസ്ഥയുടെ അനുഭവങ്ങളിൽ ചിലത് മാത്രമാണിത്. യുദ്ധഭീകരതയുടെ പുറത്തുവരാത്ത കഥകൾ ഇതിലുമേറെ.