ന്യൂഡൽഹി
വിവാഹിതയായ യുവതിയുടെ 26 ആഴ്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഭിന്നവിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ഭ്രൂണം അതിജീവിക്കാനുള്ള സാധ്യതയുണ്ടെന്ന പുതിയ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ ഉത്തരവ് പിൻവലിക്കാമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി ഉത്തരവിട്ടു. എന്നാൽ, ഗർഭഛിദ്രത്തിന് തിങ്കളാഴ്ച നൽകിയ അനുമതി പിൻവലിക്കേണ്ട കാര്യമില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി. രണ്ടംഗബെഞ്ചിൽ ഭിന്നതയുണ്ടായതിനെത്തുടർന്ന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുമെന്ന് ജഡ്ജിമാർ അറിയിച്ചു.
രണ്ടു കുട്ടികളുള്ള യുവതി തനിക്ക് മൂന്നാമത് ഒരു കുട്ടിയെ പ്രസവിക്കാനും വളർത്താനും വൈകാരികമായും ശാരീരികമായും പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്ച ഹർജി പരിഗണിച്ച പ്രത്യേകബെഞ്ച് എയിംസ് നൽകിയ മെഡിക്കൽ റിപ്പോർട്ടുകൂടി പരിശോധിച്ച് ഗർഭഛിദ്രത്തിന് അനുമതി നൽകി.
എന്നാൽ, തിങ്കളാഴ്ചതന്നെ ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി രണ്ടംഗബെഞ്ചിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഭ്രൂണം അതിജീവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കൽ ബോർഡിൽ അംഗമായ ഒരു ഡോക്ടർ നൽകിയ പുതിയ റിപ്പോർട്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് വിഷയം വീണ്ടും പരിശോധിക്കാൻ രണ്ടംഗബെഞ്ച് തീരുമാനിച്ചത്.
കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശം
തന്റെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് എതിരെ ചീഫ് ജസ്റ്റിസിനെ സമീപിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് ബി വി നാഗരത്നയാണ് കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചത്.
വിധി പറഞ്ഞ ബെഞ്ചിനോട് ഏതെങ്കിലും വിയോജിപ്പുണ്ടെങ്കിൽ അതേ ബെഞ്ചിനെത്തന്നെ സമീപിക്കുന്നതാണ് കീഴ്വഴക്കം. അതിനു പകരം, ചീഫ് ജസ്റ്റിസിനെ നേരിട്ട് സമീപിച്ച നടപടി തെറ്റാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ചൂണ്ടിക്കാണിച്ചു.