ന്യൂഡൽഹി
മധ്യപ്രദേശിൽ 230ൽ 136 സീറ്റിലേക്കും ഛത്തീസ്ഗഢിൽ 90ൽ 85 സീറ്റിലേക്കും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് പട്ടിക എന്ന് പുറത്തുവരുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മധ്യപ്രദേശിൽ ‘പിതൃപക്ഷ’ത്തിനുശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് മുൻമുഖ്യമന്ത്രി കമൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഛത്തീസ്ഗഢിൽ സ്ഥാനാർഥിനിർണയത്തിനായി വ്യാഴാഴ്ച കോൺഗ്രസിന്റെ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി ചേരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കുമാരി ഷെൽജ അറിയിച്ചു.
ഹൈന്ദവ വിശ്വാസികൾ മരിച്ചവർക്ക് ബലിയിടുന്ന പിതൃപക്ഷം സെപ്തംബർ 29 മുതൽ ഒക്ടോബർ 14 വരെയാണ്. അതുകൊണ്ടുതന്നെ മധ്യപ്രദേശിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഈയാഴ്ചയുണ്ടാകില്ലെന്ന് തീർച്ചയായി. നവംബർ 17നാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാർഥികൾ 136 മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. പട്ടിക വൈകുന്നതിനാൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഒരു മാസംപോലും പ്രചാരണത്തിന് ലഭിക്കാത്ത സ്ഥിതിയുണ്ടാകും.
രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലും കോൺഗ്രസ് സ്ഥാനാർഥി പട്ടിക അനിശ്ചിതത്വത്തിലാണ്. തെലങ്കാനയിൽ സ്ഥാനാർഥിനിർണയ പ്രക്രിയയിലേക്കുപോലും കടന്നിട്ടില്ല. ഒക്ടോബർ 23ന് യോഗം ചേരാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇത് നേരത്തെയാക്കാനും സാധ്യതയുണ്ട്. ഭരണകക്ഷിയായ ബിആർഎസ് ആകെയുള്ള 119ൽ 115 സീറ്റിലും ആഗസ്ത് 21നുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
രാജസ്ഥാനിൽ ബിജെപി കഴിഞ്ഞ ദിവസം 41 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. കോൺഗ്രസിലാകട്ടെ ഗെലോട്ട് പക്ഷവും പൈലറ്റ് പക്ഷവും സ്വന്തക്കാർക്ക് പരമാവധി സീറ്റ് നേടിയെടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്. അതുകൊണ്ടുതന്നെ സ്ഥാനാർഥി നിർണയം കേന്ദ്രനേതൃത്വത്തിന് വലിയ തലവേദനയാകും.