കൊച്ചി
വയോജനങ്ങൾക്ക് കരുതലും സഹായവുമായ എൽഡർ ലൈൻ പദ്ധതിക്ക് ഫണ്ട് അനുവദിക്കാതെ കേന്ദ്രം. 14567 നമ്പറിൽ വിളിച്ചാൽ മുതിർന്ന പൗരർക്ക് കരുതലും സഹായവും ഒരുക്കുന്ന പദ്ധതിയാണിത്. കേന്ദ്ര സാമൂഹ്യനീതിമന്ത്രാലയമാണ് തുക അനുവദിക്കേണ്ടത്. ഈ വർഷം ചില്ലിക്കാശ് നൽകിയിട്ടില്ല. ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതോടെ പദ്ധതി നടത്തിപ്പ് പ്രയാസത്തിലായി. 14567 എന്ന നമ്പറിൽ വിളിക്കുന്ന മുതിർന്നവർ പരാതികളും ആവശ്യങ്ങളും അറിയിച്ചാൽ ഇവയുടെ സ്വഭാവം പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ തുടർ നടപടി സ്വീകരിക്കുന്ന വിധത്തിലാണ് എൽഡർ ലൈൻ പ്രവർത്തനം. മാനസികപിന്തുണ, ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും എതിരായ നടപടികൾ, പുനരധിവാസം, സംശയനിവാരണം, മാർഗനിർദേശങ്ങൾ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
തിരുവനന്തപുരം പൂജപ്പുരയിലാണ് എൽഡർ ലൈനിന്റെ ആസ്ഥാനം. പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ പ്രശ്നം നേരിട്ട് മനസ്സിലാക്കാനും പരാതികളിലെ യാഥാർഥ്യം തിരിച്ചറിയാനും ഉടൻ സേവനം ലഭ്യമാക്കാനും ജില്ലകളിൽ ഫീൽഡ് റെസ്പോൺസിബിൾ ഓഫീസർമാരെയും നിയോഗിച്ചിരുന്നു. ആകെ 24 ജീവനക്കാരുണ്ടായിരുന്നു. പ്രോഗ്രാം മാനേജർ–-ഒന്ന്, ലീഡേഴ്സ്–-നാല്, കോൾ ഓഫീസേഴ്സ്–-10, ഫീൽഡ് റെസ്പോൺസിബിൾ ഓഫീസർ–-ഏഴ്, ക്ലിനിങ് സ്റ്റാഫ്–-ഒന്ന്. എന്നാൽ, ജീവനക്കാരെ മാറ്റിനിർത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചതോടെ വെറും ആറുപേരാണ് ഇപ്പോഴുള്ളത്. ജില്ലകളിലെ ഫീൽഡ് റെസ്പോൺസിബിൾ ഓഫീറടക്കം ഇപ്പോഴില്ല. പ്രോഗ്രാം മാനേജർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ക്ലീനിങ് സ്റ്റാഫ് എന്നിവരുമില്ല. കോൾ ഓഫീസർമാരായുള്ളത് അഞ്ചുപേർ. ടീം ലീഡറായി ഒരാളും. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാൽ ഇവർക്കും നേരത്തേ സേവനമനുഷ്ഠിച്ചിരുന്നവർക്കും മാസങ്ങളായി ശമ്പളമില്ല.
സംസ്ഥാനത്ത് സാമൂഹ്യനീതിവകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. മികച്ച രീതിയിൽ സംസ്ഥാനം പദ്ധതി നടപ്പാക്കിയത് വയോജനങ്ങൾക്ക് ഏറെ ആശ്വാസമായി. ഇതുവരെ 78,000ൽ അധികം കോളുകളാണ് ഹെൽപ്ലൈനിൽ ലഭിച്ചത്. ദിവസം നൂറിലധികം ലഭിക്കുന്നുണ്ട്. എന്നാൽ, ജീവനക്കാരുടെ അപര്യാപ്തത കാരണം ഫലപ്രദമായ ഇടപെടലിന് കഴിയുന്നില്ല. കഴിഞ്ഞവർഷം വളരെ വൈകിയാണ് ഫണ്ട് അനുവദിച്ചത്. ഇത്തവണയും ഒരുകോടിയിലേറെയാണ് ലഭിക്കേണ്ടത്. കേന്ദ്രത്തെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഫണ്ട് അനുവദിച്ചില്ലെങ്കിൽ പദ്ധതി നിലയ്ക്കുന്ന സ്ഥിതിയുണ്ട്.