അബുദാബി> യുഎഇയിലെ ആദ്യത്തെ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായ ഇത്തിഹാദ് എഫ്സിക്ക് യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരം. 2023- 24 ലെ യുഎഇയിലെ മൂന്നാം ഡിവിഷൻ ക്ലബുകളിൽ ഒന്നായാണ് ഇത്തിഹാദ് എഫ്സിയെ അംഗീകരിച്ചത്. അംഗീകാരത്തിലൂടെ എത്തിഹാദ് എഫ് സി മുനോട്ടുള്ള പ്രയാണത്തിൽ സുപ്രധാന കടമ്പ കൂടി കടന്നിരിക്കുകയാണെന്ന് സിഇഒ അറക്കൽ കമറുദ്ദീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരം വഴി ഇന്ത്യൻ ഫുട്ബാൾ കളിക്കാർക്ക് രാജ്യാന്തര കളിക്കാരുമായി മാറ്റുരക്കാനാവുമെന്നതാണ് പ്രധാന നേട്ടം. അബുദാബി മുസഫയിൽ സ്വന്തമായൊരു സ്റ്റേഡിയം സ്ഥാപിക്കുക എന്ന ആഗ്രഹം പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണ്. ഇതിനായി ഭൂമി കണ്ടെത്തിയെങ്കിലും സ്റ്റേഡിയം അടക്കമുള്ള നിർമ്മാണങ്ങൾ നടക്കേണ്ടതുണ്ട്. ഇതിനായി വൻകിട സ്പോൺസർമാരെ തേടുകയാണെന്ന് കമറുദ്ദീൻ വ്യക്തമാക്കി.
ഇന്ത്യൻ ദേശീയ ടീമിനായി അണ്ടർ 19 ലെവലിൽ കളിച്ചിട്ടുള്ള സലിൽ ഉസ്മാനാണ് (എഫ്എ ലെവൽ 3 കോച്ച്) നിലവിൽ ടീമിന്റെ പരിശീലകൻ.ബ്രിട്ടീഷ്, ഐറിഷ്, മൊറോക്കോ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലെ ക്ലബ്ബ്കൾക്കൊപ്പമാണ് ഡിവിഷൻ ത്രീയിൽ ഇന്ത്യൻ ക്ലബ്ബും കളിക്കുക. നിലവിൽ ഇത്തിഹാദിലെ നാലും ലണ്ടനിൽ നിന്നുള്ള രണ്ടുപേരും അടക്കം ആറുപേരാണ് ആകെയുള്ള 16 ടീമുകളിൽ കളിക്കുന്ന ഇന്ത്യക്കാർ. പ്രാദേശിക കളിക്കാരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിശീലനത്തിനുമുള്ള അവസരങ്ങൾ നൽകുകയും അതുവഴി അന്താരാഷ്ട നിലവാരമുള്ള കളിക്കാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യം ഫലം കണ്ടു തുടങ്ങി. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലെ ഒരു ഇന്ത്യൻ കളിക്കാരനായ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും, ഇന്ത്യൻ ഇന്റര്നാഷണലുമായ അൽ ഐനിൽ ജനിച്ച സഹൽ അബ്ദുൽ സമദ് അൽ ഇത്തിഹാദ് അക്കാദമിയിലൂടെ പരിശീലനം നേടിയ കളിക്കാരനാണ്. കഴിഞ്ഞ വര്ഷം സന്തോഷ്ട്രോഫി ചാമ്പ്യന്മാരായ കർണാടകക്കു വേണ്ടി കളിച്ച ജേക്കബ് ജോൺ അക്കാദമിയുടെ പരിശീലനം ലഭിച്ച കളിക്കാരനാണ്. ഇതുകൂടാതെ മറ്റു കളിക്കാരും ഇന്ത്യയിലും യൂ.എ.ഇ യിലുമായി അനേകം ക്ലബ്ബ്കൾക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്നു.
2012 ൽ ഇരുപതോളം യുവാക്കളെ ഉൾപ്പെടുത്തി രൂപീകരിച്ച അൽ എത്തിഹാദ് സ്പോർട്സ് അക്കാദമി ആദ്യം മുതൽക്കുതന്നെ കളിയുടെ നിലവാരം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇംഗ്ലണ്ട്, ബെൽജിയം പോലെയുള്ള യൂറോപ്പിയൻ രാജ്യങ്ങളിലെ പരിശീലകരെയാണ് നിയമിച്ചത്. 10 വര്ഷം പൂർത്തീകരിച്ച അക്കാദമി ഇന്ന് ഓരോ വർഷവും ഇന്ത്യയിലും യുഎഇയിലുമായി പതിനായിരത്തോളം യുവാക്കൾക്ക് പരിശീലനം നൽകിവരുന്നു. ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റ്, നീന്തൽ, ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, സ്കേറ്റിംഗ് തുടങ്ങി വിവിധയിനം കായിക പരിശീലനവും ഇന്ന് അക്കാദമിയിൽ ലഭ്യമാണ്. വാർത്താ സമ്മേളനത്തിൽ ഖമറുദ്ദീനെ കൂടാതെ ഇത്തിഹാദ് എഫ്സിയുടെ ഫുട്ബാൾ പരിശീലകരും പങ്കെടുത്തു.