ന്യൂഡൽഹി> ചീഫ് എഡിറ്റർ പ്രബീർ പുർകായസ്തയ്ക്കും എച്ച്ആർ മാനേജർ അമിത് ചക്രവർത്തിയ്ക്കുമെതിരായ ഡൽഹി പൊലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ന്യൂസ്ക്ലിക്ക് പ്രസ്താവനയിൽ വ്യക്തമാക്കി. ഡൽഹി പൊലീസ് അടക്കം മൂന്ന് അന്വേഷണ ഏജൻസികൾ സമാനമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. മൂന്ന് വർഷം അന്വേഷണം നടത്തിയിട്ടും ഒരു കുറ്റപത്രം പോലും സമർപ്പിക്കാനായിട്ടില്ല. മാത്രമല്ല ഈ അന്വേഷണങ്ങളിലെല്ലാം പ്രബീറിന് കോടതി ഇടക്കാല സംരക്ഷണം നൽകിയിട്ടുമുണ്ട്.
പുതിയ എഫ്ഐആറിൽ ആരോപിക്കുന്നത് പോലെ ചൈനയിൽ നിന്നോ ചൈനീസ് സ്ഥാപനങ്ങളിൽ നിന്നോ ന്യൂസ്ക്ലിക്കിന് പണം ലഭിച്ചിട്ടില്ല. അക്രമത്തെയോ വിഘടനവാദത്തെയോ മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തെയൊ ന്യൂസ്ക്ലിക്ക് അനുകൂലിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല. ന്യൂസ്ക്ലിക്ക് ചെയ്തിട്ടുള്ള വാർത്തകൾ പരിശോധിച്ചാൽ ഇത് ബോധ്യപ്പെടും. ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മൂക്കുകയറിടാനുള്ള നഗ്നമായ ശ്രമമാണ് ന്യൂസ്ക്ലിക്കിനെതിരായ നടപടിയെന്ന് എഫ്ഐആറിൽ നിന്ന് വ്യക്തമാണ്. ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച കേസ് കേൾക്കുന്നുണ്ട്. ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്. ന്യൂസ്ക്ലിക്കിന്റെ നിലപാടുകൾ ശരിവെയ്ക്കപ്പെടുമെന്ന ഉറച്ച വിശ്വാസവുമുണ്ട്- ന്യൂസ്ക്ലിക്ക് അറിയിച്ചു.