തിരുവനന്തപുരം > ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ കിഫ്ബി വഴി സമാഹരിച്ച് കേന്ദ്രത്തിനു നൽകിയ 5580 കോടി രൂപ സംസ്ഥാനത്തിന്റെ വാർഷിക വായ്പാപരിധിയിൽനിന്ന് കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ നേരിൽകണ്ടാണ് ആവശ്യമുന്നയിച്ചത്. ദേശീയപാത വികസനത്തിന് 6769 കോടി സംസ്ഥാന വിഹിതം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പണം സമാഹരിച്ച് നൽകിയത്. ഈ തുക സംസ്ഥാനത്തിന്റെ വായ്പാ പരിധയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വായ്പാനുവാദം വെട്ടിക്കുറച്ചത് വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നതായും കേന്ദ്രമന്ത്രിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ മൂലധന നിക്ഷേപ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പരിഗണിച്ച്, കേരളം ദേശീയപാതാ വികസനത്തിന് ചെലവിട്ട തുക സംസ്ഥാന വായ്പയായി പരിഗണിക്കുന്നതിൽനിന്ന് ഇളവുനൽകണം. കിഫ്ബിയും സാമൂഹ്യസുരക്ഷ പെൻഷൻ കമ്പനിയും 2021 – 22ൽ സമാഹരിച്ച തുകകൾ മുൻകാലപ്രാബല്യത്തോടെ സംസ്ഥാന വായ്പയായി പരിഗണിച്ച് ഈവർഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറവുവരുത്തുന്ന തീരുമാനം പുനപരിശോധിക്കണം.
കിഫ്ബി വായ്പയും പെൻഷൻ കമ്പനിയുടെ താൽക്കാലിക കടവും ബജറ്റിനുപുറത്തുള്ള വായ്പയായി പരിഗണിച്ചാണ് കഴിഞ്ഞവർഷം മുതൽ വായ്പാപരിധയിൽനിന്ന് 3140.7 കോടി രൂപവീതം കുറയ്ക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം സംസ്ഥാനത്തിന് ഇരുട്ടടിയായി. കേന്ദ്ര നടപടികൾമൂലം സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ പണലഭ്യത ഉറപ്പാക്കാൻ പ്രയാസപ്പെടുന്നു.
ഈവർഷം വാർഷിക കടമെടുപ്പ് പരിധിയിൽ 8000 കോടി വെട്ടിക്കുറച്ചു. റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി കുറയുന്നു. നികുതി വിഹിതം 3.875 ശതമാനത്തിൽനിന്ന് 1.92 ശതമാനമായി വെട്ടിക്കുറച്ചു. ഇതുമൂലമുള്ള വലിയ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് വായ്പ എടുക്കാവുന്ന തുകയും കുത്തനെ കുറയ്ക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, കഴിഞ്ഞവർഷങ്ങളിൽ കേരളം തനതു വരുമാനസ്രോതസുകൾ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിർവഹിച്ചത്. 2021 – 22ൽ തനതു നികുതി വരുമാനം 22.4 ശതമാനമായിരുന്നത് കഴിഞ്ഞവർഷം 23.4 ആയി വീണ്ടും ഉയർത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. ഇതെല്ലാം ധനകമീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധനദൃഡീകരണ പ്രവർത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തിന് മതിയായ ധനവിഭവം ഉറപ്പാക്കാൻ കേന്ദ്രം തയ്യാറാകണം. വായ്പാനുമതിയിയിലെ വെട്ടിക്കുറയ്ക്കൽ ഒഴിവാക്കുന്നതിനൊപ്പം, ഒരു ശതമാനം അധിക കടമെടുപ്പിന് താൽകാലിക അനുമതി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.