കുവൈത്ത് സിറ്റി> കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മുമ്പ് ജോലി ചെയ്തിരുന്ന പ്രവാസി ഡോക്ടർമാരെ വീണ്ടും പുനർനിയമിക്കുന്നതിനുള്ള സാധ്യത ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. ഏകദേശം 100 ഓളം ഡോക്ടർമാരുടെ കാര്യമാണ് മന്ത്രാലയം പുനഃപരിശോധിക്കാൻ ആലോചിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിൽ വിദഗ്ദ ഡോക്ടർമാരുടെ എണ്ണം കുറവായ സാഹചര്യത്തിൽ ഇവരുടെ സേവനം മന്ത്രാലയത്തിന് അത്യാവശ്യമായ സാഹചര്യത്തിലാണ് നടപടി.
വിരമിക്കൽ പ്രായം പൂർത്തിയായതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് ഡോക്ടർമാരുടെ സർവീസ് അവസാനിപ്പിച്ചത്. മുൻ കാല റിപ്പോർട്ടുകൾ പ്രകാരം ഡോക്ടർമാർ പലരും സർവീസ് കാലത്ത് ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ്. ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിന് പൊതുഖജനാവിന് നഷ്ടം വരില്ല നിബന്ധനകൾക്ക് വിധേയമായാണ് ഇവരെ പുനർനിയമിക്കുക. ഇവരുടെ സേവനം വീണ്ടും ആവശ്യപ്പെട്ടു കൊണ്ട് നേരത്തെ ഇവർ ജോലി ചെയ്തിരുന്ന ആരോഗ്യമേഖലകൾ ഈ പ്രദേശങ്ങൾക്ക് അവരെ ആവശ്യമാണെന്ന് കാണിച്ച് മന്ത്രാലയത്തിനു കത്ത് അയച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരുടെ സേവനം ആവശ്യമാണോ അല്ലയോ എന്ന കാര്യത്തിൽ മന്ത്രാലയം ഉടൻ തന്നെ തീരുമാനം എടുക്കും.