ഗാസ > ഗാസയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണം തുടരുന്നു. ആക്രമണത്തിൽ 400 ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടക്കുന്നത്. വൈദ്യസഹായം പോലും നൽകാൻ സാധിക്കാത്ത സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി പറയുന്നു. ഇസ്രായേൽ വൈദ്യുതി വിഛേദിച്ചതിനാൽ ഗസ്സയിലെ 20 ലക്ഷം ആളുകൾ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.